യുവാവിന്റെ പരാക്രമം: ഒരാൾക്ക് പരിക്ക്

Tuesday 31 March 2026 2:00 AM IST

പുതുപ്പാടി: കാക്കവയലിൽ ലഹരിമരുന്നിന് അടിമയായ യുവാവ് തൂമ്പയുമായി നാട്ടുകാർക്ക് നേരെ നടത്തിയ പരാക്രമത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമണത്തിൽ ചാമപ്പുറായിൽ റഷീദിന്റെ കൈക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് തൂമ്പ വീശുകയായിരുന്നു. ഭയന്നോടിയ കുട്ടികൾ ബഹളം വച്ചതോടെ ഓടിയെത്തിയതായിരുന്നു പിതാവായ റഷീദ്. ഇയാളുടെ തലയ്ക്ക് നേരെ നിഷാദ് തൂമ്പ കൊണ്ട് അടിക്കാൻ ശ്രമിച്ചു. ഇത് കൈകൊണ്ട് തടയുന്നതിനിടെയാണ് റഷീദിന് പരിക്കേറ്റത്. റഷീദിന്റെ കൈയിലെ എല്ലിന് ഒടിവുണ്ട്. പരാക്രമത്തിനിടെ ആളുകളുടെ പിന്നാലെ ഓടുന്നതിനിടയിൽ റോഡിൽ വീണ് നിഷാദിനും പരിക്കേറ്റു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ കൈകാലുകൾ കെട്ടിയിട്ടാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിക്ക് അകത്തും ഇയാൾ വൻതോതിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നിഷാദ് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന ആളും വിൽപ്പനക്കാരനുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏറെക്കാലം വിദേശത്തായിരുന്ന ഇയാൾ കുറച്ചു വർഷങ്ങൾക്ക് മുമ്പ് വ്യാജമദ്യവുമായി പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.