കുപ്രസിദ്ധ വാഹന മോഷ്ടാവ് കണ്ണൂരിൽ പിടിയിൽ

Tuesday 31 March 2026 3:03 AM IST

കണ്ണൂർ: മോഷണം നടത്തിയ സ്‌കൂട്ടറുമായി കറങ്ങിയ കുപ്രസിദ്ധ വാഹന മോഷ്ടാവിനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയും കാസർകോട് വിദ്യാനഗറിൽ താമസക്കാരനുമായ ഇൻസമാം ഉൾഹഖി (29) നെയാണ് ടൗൺ എസ്‌.ഐ ബി.ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിടെ പിടികൂടിയത്. കണ്ണൂർ പാറക്കണ്ടിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിശോധനക്കിടെ പിടികൂടിയ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ പറഞ്ഞതോടെ പരുങ്ങുന്നത് കണ്ട പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച സ്‌കൂട്ടറുമായാണ് കറക്കം എന്ന് മനസിലായത്.

കണ്ണൂർ എടക്കാട് സ്വദേശിനിയുടേതാണ് സ്‌കൂട്ടറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്ത് പോയതായിരുന്നു സ്‌കൂട്ടറെന്നും ടൗൺ പൊലീസിൽ പരാതിപ്പെടാൻ ഒരുങ്ങുകയായിരുന്നുവെന്നും സ്‌കൂട്ടർ ഉടമയായ യുവതി പൊലീസിനോട് പറഞ്ഞു. കോട്ടയത്തും കോഴിക്കോടുമായി നാലോളം കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. എ.എസ്‌.ഐ പ്രമോദ്, സീനിയർ സി.പി.ഒമാരായ വിനിൽ മോൻ, സമീർ എന്നിവരും സ്‌കൂട്ടർ മോഷ്ടാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.