ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞതിന് അദ്ധ്യാപകന് മർദ്ദനം, കുട്ടിയുടെ അച്ഛൻ തല്ലിയത് തന്റെ മുൻ അദ്ധ്യാപകനെ

Tuesday 31 March 2026 9:45 AM IST

ഇടുക്കി: ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞതിൽ പ്രകോപിതനായ യുവാവ് അദ്ധ്യാപകനെ വീട്ടിലെത്തി മർദ്ദിച്ചു. ഇടുക്കി ചെറുതോണിക്ക് സമീപത്തായിരുന്നു സംഭവം. പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനായിരുന്നു ക്രൂരമർദ്ദനമേറ്റത്. പുഷ്പഗിരി മാക്കൽ ശരത് ശശിയാണ് മർദ്ദിച്ചത്. ലിൻസ് നേരത്തേ ശരത്തിനെയും ട്യൂഷനെടുത്തിട്ടുണ്ട്. ശരത്തിന്റെ മകൻ സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്.

മദ്യലഹരിയിൽ സുഹൃത്തിനൊപ്പമാണ് ലിൻസിന്റെ വീട്ടിൽ ശരത് എത്തിയത്. വന്നപാടെ ആരാടാ കൊച്ചിനെ തല്ലിയതെന്ന് ചോദിച്ച് ലിൻസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു മർദ്ദനം. അവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശരീരമാസകലം ക്ഷതമേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവസ്ഥ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ശരത്തിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിനൊടുവിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് തങ്കമണി പൊലീസ് പറയുന്നത്. ശരത്തിനെ അറസ്റ്റുചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. മകനെ വഴക്കുപറഞ്ഞത് മാത്രമാണോ മർദ്ദനത്തിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്.