ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനത്തിന് നേരെ യുഎസ് - ഇസ്രയേൽ ആക്രമണം; റിപ്പോർട്ട്

Tuesday 31 March 2026 10:45 AM IST

ടെഹ്റാൻ: യുഎസും ഇസ്രയേലും ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 'മഹാൻ എയർ' വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ർ ഇന്ത്യയിൽ നിന്ന് മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കാനായി പുറപ്പെടാനിരുന്ന വിമാനമായിരുന്നുവെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഇറാനിയൻ ജനതയ്ക്ക് ആവശ്യമായ മെഡിക്കൽ സാധനങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി ഈയാഴ്ച ഈ വിമാനം ഡൽഹിയിലേക്ക് പറക്കേണ്ടതായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്ന ഇറാന്റെ വിമാനത്തിന് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ സിവിൽ ഏവിയേഷൻ പ്രസ്താവന പുറത്തിറക്കി. ഇതിൽ ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനമാണെന്ന് പ്രത്യേകം പറയുന്നില്ല. യുഎസ് ആക്രമണത്തിലാണ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

കേടുപാട് സംഭവിച്ച വിമാനം ഏപ്രിൽ ഒന്നിന് ഡൽഹിയിലേക്ക് പോകാനിരുന്നതായാണ് റിപ്പോർട്ട്. മാർച്ച് 18ന് ഇറാനിയൻ റെഡ് ക്രെസന്റ് സൊസെെറ്റി വഴി ഇന്ത്യ മെഡിക്കൽ സഹായം ഇറാനിലേക്ക് അയച്ചിരുന്നു. ഡൽഹിയിലെ ഇറാനിയൻ എംബസി ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഇറാനിയൻ എയർലെെനാണ് മഹാൻ എയർ. പശ്ചിമേഷ്യ,​ മദ്ധ്യേഷ്യ,​ ദക്ഷിണേഷ്യ. തെക്കുകിഴക്കേഷ്യ,​ കിഴക്കേഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിൽ വിമാന കമ്പനി സർവീസ് നടത്തുന്നുണ്ട്.