'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്'; മലയാളികളുടെ പ്രിയ നടി ജനനി അയ്യ‌ർ വിവാഹിതയായി

Tuesday 31 March 2026 11:13 AM IST

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി ജനനി അയ്യർ വിവാഹിതയായി. നടിയുടെ അടുത്ത സുഹൃത്തും പെെലറ്റുമായ സായി റോഷൻ ശ്യാമാണ് വരൻ. വിവാഹ ചിത്രങ്ങൾ ജനനി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. 'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്' എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്.

നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവരുൾപ്പടെ നിരവധിപേരാണ് നടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ജനനിയുടെയും സായിയുടെയും വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചിരുന്നു.

'അവൻ ഇവൻ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ജനനി അയ്യർ മലയാളത്തിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. 'ത്രീഡോട്സ്' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് മലയാളത്തിലേക്ക് എത്തുന്നത്. കൂതറ, മോശയിലെ കുതിര മീനുകൾ, മാചുക എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

'ഇത് താൻഡാ പൊലീസിൽ' ആസിഫ് അലിയുടെ നായികയായി വേഷമിട്ടു. അശോക് സെൽവൻ നായകനായ തെഗിഡി എന്ന ചിത്രത്തിലെ വിൺമീൻ എന്ന് തുടങ്ങുന്ന പാട്ടിലെ പ്രകടനമാണ് കരിയർ ബ്രേക്ക് നൽകുന്നത്. സിനിമയിലെത്തുന്നതിന് മുൻപ് 150ലേറെ പരസ്യചിത്രങ്ങളിൽ ജനനി വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് തമിഴ് സീസൺ 2വിലെ തേർഡ് റണ്ണറപ്പായിരുന്നു താരം.