മോഷണശ്രമത്തിനിടയിൽ ഭർത്താവ് കൊല്ലപ്പെട്ടെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ പൊലീസിന്റെ വലയിലായി യുവതി

Tuesday 31 March 2026 11:50 AM IST

ലക്‌നൗ: അവിഹിതബന്ധം എതിർത്ത ഭർത്താവിനെ കാമുകനൊപ്പംചേർന്ന് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലാണ് സംഭവം. മെഹ്രാജ് മിറാജ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ റൂഹിയും കാമുകൻ ഫർമാനും ഇയാളുടെ കൂട്ടാളിയും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്

സഹോദരിയുടെ ഭർതൃസഹോദരനുമായി പ്രണയത്തിലായിരുന്ന യുവതി മിറാജുമായുള്ള വിവാഹത്തിന് ശേഷവും അത് തുടരുകയായിരുന്നു. എന്നാൽ ഇതറിഞ്ഞ ഭർത്താവ് ബന്ധം എതിർത്തതോടെ കാമുകനുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തു. മിറാജിന് പാലിൽ ഉറക്കഗുളികകൾ ചേർത്ത് നൽകി ബോധംകെടുത്തിയ ശേഷം കാമുകനെയും കൂട്ടാളിയെയും വിളിച്ചുവരുത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ദമ്പതികളുടെ മൂത്തമകൻ അഞ്ചുവയസുകാരൻ ഫർഹാൻ മിറാജിനൊപ്പം അതേ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. കുട്ടിയുടെ വസ്‌ത്രങ്ങൾ ഉൾപ്പടെ രക്തത്തിൽ കുതിർന്നിരുന്നു. ഫർഹാനെക്കൂടാതെ മൂന്ന് വയസുകാരനായ മറ്റൊരു മകൻകൂടി ദമ്പതികൾക്കുണ്ട്.

വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് റൂഹി കള്ളക്കഥയുണ്ടാക്കി നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു. തങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതരായ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും പണവും മോഷ്‌ടിച്ചെന്നും ഭർത്താവിനെ കൊലപ്പെടുത്തിയെന്നുമാണ് യുവതി അവകാശപ്പെട്ടത്. സംശയത്തെതുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്.