പൊരിവെയിലത്തും വീര്യം ചോരാതെ സ്ഥാനാർത്ഥികൾ

Wednesday 01 April 2026 1:13 AM IST

നെയ്യാറ്റിൻകര: ഇന്നലെ രാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആൻസലൻ ചെങ്കലിൽ നിന്നും പര്യടനം ആരംഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി എൻ.ശക്തൻ ആറാലുമൂട് പാച്ചിക്കോട് നിന്നും എൻ.ഡി.എ സ്ഥാനാ‌ർത്ഥി ചെങ്കൽ രാജശേഖരൻനായർ നെയ്യാറ്റിൻകര ടൗണിൽ നിന്നും തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി.

കെ.ആൻസലൻ അഞ്ച് ദിവസം പിന്നിട്ടപ്പോൾ മറ്റ് രണ്ട് സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം എത്തുന്നതേയുള്ളു. ചെങ്കലിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജനറൽ സെക്രട്ടറി അഡ്വ.കൊല്ലംകോട് രവീന്ദ്രൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു.തുടർന്ന് വ്ളാത്താങ്കര, എരിക്കലുവിള,അലത്തറയ്ക്കൽ,കാരിയോട്,കോടങ്കര വഴി മര്യാപുരം ജംഗ്ഷനിൽ സമാപിച്ചു.

എൻ.ശക്തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബ്രഹ്മംകോട്,വേട്ടക്കളം,ആശുപത്രി ജംഗ്ഷൻ, അറക്കുന്ന്,പഴിഞ്ഞിക്കുഴി വഴി പെരുമ്പഴുതൂരിൽ സമാപിച്ചു.അഡ്.എസ്.കെ.അശോക് കുമാ‌ർ, മുൻ കൗൺസിലർ ജോസ് ഫ്രാങ്ക്ളിൻ തുടങ്ങിയവ‌ർ നേതൃത്വം നൽകി. ഇന്നലെ മുഴുവൻസമയവും ഗൃഹ സന്ദർശനത്തിനും കൺവെഷനുകൾ ഉദ്ഘാടനം ചെയ്യുവാനും യു.ഡി.എഫ് സ്ഥാനാർത്ഥി സമയം കണ്ടെത്തി.

എൻ.ഡി.എ സ്ഥനാ‌ർത്ഥി ചെങ്കൽ രാജശേഖരൻനായരുടെ ഇന്നലെ രാവിലെ നടന്ന റോഡ് ഷോ ശ്രദ്ധേയമായി. ഒട്ടനവധി ബി.ജെ.പി പ്രവർത്തക‌ർ വാഹനത്തെ അനുഗമിച്ചു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മുൻ കൗൺസിലർ മഞ്ചന്തലസുരേഷ്, എസ്.കെ.ജയകുമാർ, പൂഴിക്കുന്ന് ശ്രീകുമാർ,അരുൺ സരയു, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി നെയ്യാറ്റിൻകര രാജകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.