ഉറപ്പ് പാഴായി; അടിപ്പാത നിർമ്മാണം ഇനിയും നീളും
ചാലക്കുടി: ദേശീയപാത അധികൃതരും കരാർ കമ്പനിയും നൽകിയ ഉറപ്പ് പാലിച്ചില്ല, അടിപ്പാത നിർമ്മാണം പൂർത്തിയാകാൻ ഇനിയും ഒരു മാസം വേണ്ടിവരും. പുതിയ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ചുമതലയേറ്റശേഷം നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ മാർച്ച് 31നകം പണി പൂർത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ, ഈ കാലാവധി അവസാനിച്ചിട്ടും പണികൾ എങ്ങുമെത്തിയില്ല. ചിറങ്ങര മേൽപ്പാലത്തിന്റെ ടാറിംഗ് പൂർത്തിയായെങ്കിലും അനുബന്ധ ജോലികൾ ബാക്കിയാണ്. മുരിങ്ങൂർ അടിപ്പാതയിൽ ടാറിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ചെന്നൈയിലെ പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ആമ്പല്ലൂർ,പേരാമ്പ്ര ഉൾപ്പെടെ നാല് അടിപ്പാതകളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ ഇനിയും ഒരു മാസം വേണ്ടിവരും. കൊരട്ടിയിലെ മേൽപ്പാലം പൂർത്തിയാകാൻ നാലുമാസവും വേണ്ടിവരും.
ടാറിംഗ് വേഗത്തിൽ
വേനൽമഴ ശക്തമായതോടെ ചിറങ്ങര, കൊരട്ടി അടിപ്പാതകളുടെ ടാറിംഗ് വേഗത്തിൽ തീർക്കാനുള്ള ഓട്ടത്തിലാണ് കരാർ കമ്പനി. കാലവർഷത്തിന് മുൻപ് നിർമ്മാണം പൂർത്തിയായില്ലെങ്കിൽ അനുബന്ധ റോഡുകളിൽ ഗതാഗതം ദുഷ്‌കരമാകും. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തത്തിനും കാരണമാകും.
ജനരോഷം ശക്തം
നിർമ്മാണത്തിലെ അലംഭാവത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. നിർമ്മാണത്തിനിടെ സ്ലാബുകൾ നിലംപൊത്തിയതും ഓടകൾ തകർന്നതും കരാർ കമ്പനിക്കെതിരെയുള്ള ജനരോഷം വർദ്ധിപ്പിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്.
ഇനിയും പൂർത്തിയാക്കാൻ
റോഡിലെ മീഡിയൻ നിർമ്മാണം. സീബ്രാ ലൈനുകൾ രേഖപ്പെടുത്തൽ. തെരുവ് വിളക്കുകൾ സ്ഥാപിക്കൽ. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ് സംവിധാനം. പെയിന്റിംഗ് ജോലികൾ.