മധുരിക്കുന്നില്ല പൈനാപ്പിൾ വിപണി
കോട്ടയം : മഴ പെയ്തിട്ടും പകൽച്ചൂടിന്റെ കാഠിന്യമേറിയതോടെ പൈനാപ്പിൾ കൃഷി പ്രതിസന്ധിയിൽ. റംസാൻ സീസണിൽ മികച്ച് വിളവ് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർക്കാണ് കൈപൊള്ളിയത്. മുൻവർഷങ്ങളേക്കാൾ കടുത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇതോടെ കൈത ചെടികൾ വേഗത്തിൽ ഉണങ്ങാൻ തുടങ്ങി. ചെടികൾ വാടി ഫംഗസ് രോഗം വന്ന തോട്ടത്തിലെ കൈതയ്ക്ക് സമാനമായി. പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളം ലഭിക്കുന്നതിനും ക്ഷാമം നേരിടുന്നുണ്ട്. 12000 കിലോ വിളവ് പ്രതീക്ഷിച്ച തോട്ടങ്ങളിൽ നിന്ന് 8000 കിലോ മാത്രമാണ് വിളവാണ് ഇത്തവണ ലഭിച്ചത്. ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്‌നീഷ്യം എന്നിവയാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ. ഇതും കിട്ടാനില്ല. നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്.
വിളവ് കുറവ്, ഗുണവും
ചൂടിനെ പ്രതിരോധിക്കാൻ വിവിധ രീതികൾ പ്രയോഗിച്ചെങ്കിലും നല്ല കൈതച്ചക്ക ലഭിക്കുന്നില്ല. ഓരോ വർഷവും രംഗത്ത് നിന്ന് നിരവധിപേരാണ് പിൻവാങ്ങുന്നത്. സംസ്ഥാനത്ത് എറണാകുളം കഴിഞ്ഞാൽ പിന്നീട് ഉത്പാദനം നടക്കുന്നതിൽ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. പൊൻകുന്നം, ളാക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മണർകാട്, അയർക്കുന്നം, മറ്റക്കര, അമയന്നൂർ, നെടുംകുന്നം തുടങ്ങി വിവിധ മേഖലകളിലാണ് ജില്ലയിൽ കൈതകൃഷിയുള്ളത്. പാട്ട വ്യവസ്ഥയിലാണ് പലയിടത്തും കൃഷി നടത്തുന്നത്. ഇതിന്റെ തുകയ്‌ക്കൊപ്പം കൂലിച്ചെലവും വർദ്ധിച്ചതോടെ കൃഷി ആദായകരമല്ല.
വില 40 - 42 രൂപ വരെ
യൂറിയ പോലുള്ള വളങ്ങൾ കൃത്യമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. വളമിട്ടില്ലെങ്കിൽ ഇത് ഉത്പാദനത്തെബാധിക്കും. ഗ്രേഡ് പൈനാപ്പിളിന്റെ ലഭ്യതയിലും കുറവാണ്.
(ജോജി വാളിപ്ലാക്കൽ, പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)