പാകിസ്ഥാന്റെ ഒരു ദുർമുഖം കൂടി പുറത്ത്; പാക് ഭീകരർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു,​ വെളിപ്പെടുത്തൽ

Tuesday 31 March 2026 9:12 PM IST

ന്യൂഡൽഹി ; പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരരുടെ ക്രൂരതകൾ വെളിപ്പെടുത്തി പാക് മതപണ്ഡിതൻ . പാകിസ്ഥാൻ അതിർത്തിയിലെ തീവ്രവാദികൾ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതായി പ്രമുഖ മതപണ്ഡിതൻ മുഫ്തി സയിദ് ഖാൻ ആണ് തുറന്നുപറഞ്ഞത്. പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായി കൂടിയാണ് സയിദ് ഖാൻ. തീവ്രവാദികൾ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസഹായരായ സ്ത്രീകളെയും പെൺകുട്ടികളെയും അടിസ്ഥാന ഭക്ഷണത്തിന് വേണ്ടി പോലും ലൈംഗികമായി ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ച് അദ്ദേഹം വിവരിച്ചു. ഒരു റൊട്ടിക്കായി കാശ്മീരി മുസ്ലിം സ്ത്രീകൾ സ്വന്തം ശരീരം പോലും വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന് സയിദ് ഖാൻ പറഞ്ഞു.

ഐ.എസ്.ഐ ആയുധവും പണവും നൽകി വളർത്തുന്ന ഭീകരർ എങ്ങനെയാണ് പ്രാദേശിക ജനതയെ ഇരയാക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പ്രസ്താവനയെന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു,​ ഭീകരർക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണയെക്കുറിച്ച് ഇന്ത്യയുടെ അഭിപ്രായം ശരിവയ്ക്കുന്നതാണ് സയിദ് ഖാന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള ലൈംഗികാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും ഈ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നു.