ഡീലിൽ ജയിക്കുന്നത് ആര്?
നിയമസഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികളും സ്ഥാനാർത്ഥികളും അതിവേഗം മുന്നോട്ട് പോകുമ്പോൾ ഡീൽ വിവാദത്തിന് ഇപ്പോഴും അറുതിയായില്ല. കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ ആരോപിച്ച സി.പി.എം-ബി.ജെ.പി ഡീൽ, പിന്നീടുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ പത്തിലധികം മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയായത്. മലമ്പുഴ, കോങ്ങാട്, വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയുമായാണ് ഡിലെന്ന് സി.പി.എം തിരിച്ചടിക്കുന്നുണ്ട്. ഡീലിൽ ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നണികൾ മുന്നേറുമ്പോൾ ഈ വിവാദം യഥാർത്ഥത്തിൽ ആർക്ക് ഗുണം ചെയ്യും എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫ് അവകാശപ്പെട്ടത് 100 സീറ്റുകളുമായി സംസ്ഥാനത്ത് തിരിച്ചുവരുമെന്നാണ്. അതിന് പിന്തുണയേകുന്ന ജനവിധിയായിരുന്നു ദ്ദേശ തിരഞ്ഞെടുപ്പിൽ അവരെ കാത്തിരുന്നതും. കോൺഗ്രസിന്റെ അവകാശവാദത്തിന് തൊട്ടുപിന്നാലെ ഇടതുപക്ഷവും പാഞ്ഞെത്തി, 110 സീറ്റുകൾ നേടി തങ്ങൾ അധികാരം നിലനിറുത്തുമെന്ന്. ആഴ്ചകൾ മൂന്ന് പിന്നിട്ടു, ഇടതു വലതു മുന്നണികളുടെ യാത്രകൾ അവസാനിച്ചു, ചിലയിടങ്ങളിൽ വിസ്മയങ്ങളുണ്ടായി, ചിലയിടത്ത് വിമത ഭീഷണികളും, കൊഴിഞ്ഞുപോക്കും. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം ജനം പോളിംഗ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ മുന്നണികൾക്ക് മൂന്നക്ക നമ്പർ തികയ്ക്കാനാകുമോ എന്ന് സംശയമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടം അമ്രേൽ കടുപ്പമുള്ളതാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡീൽ വിവാദം ചർച്ചയാകുമ്പോൾ നേട്ടം ആർക്ക് എന്ന് പരിശോധിക്കേണ്ടത്. കഴിഞ്ഞ പത്തുവർഷക്കാലം സംസ്ഥാനം ഭരിച്ച ഒരു മുന്നണിക്ക് തങ്ങളുടെ വികസനം ചർച്ചയാക്കാൻ കഴിഞ്ഞോ? ഭരണ വിരുദ്ധ വികാരം എത്രയുണ്ടെന്ന് അളക്കാനും അത് ഉപയോഗിക്കാനും പ്രതിപക്ഷത്തിന് സാധിച്ചോ എന്നും പരിശോധിക്കണം.
ഡീൽ വിവാദം ചർച്ചയാകുമ്പോൾ യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ വികസനങ്ങൾ ചർച്ചചെയ്യപ്പെടാതെ പോകുന്നുണ്ട്. അത് യു.ഡി.എഫിന്റെ ഇലക്ഷൻ സ്റ്റ്രാറ്റജിയാണ് എങ്കിൽ അതിൽ അവർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അധികം നാളുകളില്ലാത്ത സവിശേഷ സാഹചര്യത്തിൽ സർക്കാരിന്റഎ വികസനം ജനം ചർച്ച ചെയ്യാതെയിരിക്കാൻ വിവാദങ്ങൾ സഹായിച്ചിട്ടുണ്ട്. എന്നാൽ, 100 സീറ്റെന്ന സ്വപ്നം കണ്ട യു.ഡി.എഫിന് അതിലേക്ക് എത്താൻ കഴിയുമോ എന്ന് അവർ തന്നെ അവലോകനം ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തിന്റഎ ഭരണവിരുദ്ധ വികാരത്തിന്റെ തോത് എത്രയാണെന്ന് കണ്ടെത്താനാകണം. വിവിധ ദൃശ്യമാദ്ധ്യമങ്ങൾ നടത്തുന്ന സർവ്വേയിൽ സംസ്ഥാനത്ത് നെക് ടു നെക് ഫൈറ്റാണ് എന്ന് വ്യക്തമാക്കുന്നു. അങ്ങനെയാങ്കിൽ യു.ഡി.എഫിന് ക്ലീൻ സ്വീപ്പ് ലഭിക്കാനുള്ള ഭരണവിരുദ്ധ വികാരം നിലവിൽ ഇല്ലെന്നുവേണം വായിച്ചെടുക്കാൻ.
ഡീലിന് പിന്നിലെന്ത്?
പാലക്കാട് നിയമസഭ മണ്ഡലം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. 2011 മുതൽ തുടർച്ചയായി യു.ഡി.എഫ് വിജയിക്കുന്ന മണ്ണ്. 2024ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ജയിച്ചത് കോൺഗ്രുകാരൻ, അതും റെക്കോർഡ് ഭൂരിപക്ഷത്തിൽ. എന്നിട്ടും ഈ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫും കോൺഗ്രസും ഏറ്റവും അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാകും. അവർ പാലക്കാട് ബിജെപി സിപിഎം ലീഡ് ആരോപണം ഉയർത്തുന്നത് എന്തുകൊണ്ടാകും.
എന്താണ് ഇത്തവണ കോൺഗ്രസിനെ ഭയപ്പെടുത്തുന്നത്? ബിജെപിയാണോ? അതോ സിപിഎം സ്വതന്ത്രനാക്കി മത്സരത്തിനിറക്കിയ എൻഎംആർ റസാഖോ?. സിപിഎം റസാഖിനെ നിർത്തിയതോടെ മുസ്ലിം വോട്ടുകളിൽ പിളർപ്പ് ഉണ്ടാകും. യുഡിഎഫിലേക്ക് വരുമായിരുന്ന ന്യൂനപക്ഷ വോട്ടുകൾ റസാഖിലേക്കും പോയാൽ ബിജെപിക്ക് ഗുണം കിട്ടും. അതുവഴി ശോഭ സുരേന്ദ്രൻ വിജയിക്കും.
വിജയസാധ്യതയില്ലാത്ത ഒരു തേഡ് പാർട്ടി ക്യാൻഡിഡേറ്റ് ആയാണ് അവർ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എൻഎംആർ റസാഖിനെ സിപിഎം രംഗത്തിറക്കിയത് കോൺഗ്രസിനെ ഞെട്ടിച്ചു. റസാഖ് 'സ്‌പോയ്ലർ എഫക്ട്' ആകുമെന്നവർ ഭയക്കുന്നു. വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥി വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥിയുടെ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കുന്ന പ്രതിഭാസമാണ് സ്‌പോയ്ലർ എഫക്ട്. മുസ്ലിം വോട്ടിന്മേലാണ് കോൺഗ്രസിന്റെ ഭയം. റസാഖ് എന്ന മുസ്ലിം നാമധാരി വന്നതോടെ ആ സമുദായിക വോട്ടിൽ പിളർപ്പ് ഉണ്ടാകുമെന്നും തങ്ങൾക്കത് നഷ്ടമാകുമെന്നും അവർ ഭയക്കുന്നു.
യഥാർത്ഥത്തിൽ പാലക്കാട് മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും സാമുദായിക വോട്ട് വിഹിതങ്ങളും അറിയേണ്ടതുണ്ട്. കേരളത്തിൽ ബിജെപി തുടർച്ചയായി ഭരണം പിടിക്കുന്ന നഗരസഭ ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. 2016 മുതൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ്. ഇത്തവണ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞ് ചിന്തിക്കുന്നില്ല.
സിപിഎമ്മിന്റെ അവസ്ഥ മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് മോശമാണ്. അഞ്ച് തവണ സീറ്റ് പിടിച്ച പാർട്ടിയാണെങ്കിലും 2011ൽ രണ്ടാം സ്ഥാനത്ത് വന്നതാണ് സിപിഎമ്മിന് ആശ്വാസം നൽകുന്ന ഏക മത്സരം. 2016 മുതൽ പാലക്കാട് കോൺഗ്രസ്ബിജെപി മത്സരമാണ്.
പാലക്കാട് നഗരസഭ, പിരിയാടി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. പാലക്കാട് നഗരസഭ കഴിഞ്ഞ മൂന്നു ടേമുകളിലായി ബിജെപിയുടെ കൈവശമാണ്. 24 സീറ്റുകൾ നേടി 2015ലാണ് അവർ ആദ്യമായി അധികാരത്തിൽ വന്നത്. 2020ൽ 28 സീറ്റുകളുമായി അധികാരം ഉറപ്പിച്ചു, 2025ൽ ശക്തമായ മത്സരം യുഡിഎഫിൽ നിന്നും നേരിടേണ്ടി വന്നെങ്കിലും 25 സീറ്റുമായി ഭരണം നിലനിർത്തി. യുഡിഎഫ് കഴിഞ്ഞ ദ്ദേശ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ അധികം നേടി 17 സീറ്റുകളിലെത്തി. നഗരസഭ പരിധിയിൽ ശക്തിയില്ലാത്ത സിപിഎമ്മിന് കിട്ടിയത് എട്ട് സീറ്റാണ്.
അതേസമയം നഗരസഭ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിൽ ബിജെപിയെക്കാൾ നേട്ടം ഉണ്ടാക്കിയത് കോൺഗ്രസാണ്. നാല് ശതമാനത്തോളം വോട്ടാണ് യുഡിഎഫിന് കൂടിയത്. 2020ലെ തിരഞ്ഞെടുപ്പിൽ 40 ശതമാനത്തിന് അടുത്ത് വോട്ട് കിട്ടിയ ബിജെപിക്ക് 1.6 ശതമാനം വോട്ട് കുറയുകയാണുണ്ടായത്. നിയമസഭ വിജയത്തിൽ നിർണായകമാകുന്ന പഞ്ചായത്തുകളിലേക്കു വന്നാൽ, പിരിയാരി യുഡിഎഫിന്റെ കോട്ടയാണ്. കണ്ണാടി പോലെ, മാത്തൂരും എൽഡിഎഫിന്റെ കോട്ടയാണ്.
2021ൽ ഷാഫി പറമ്പിലും ഇ. ശ്രീധരനും തമ്മിൽ നടന്നത് ഏറ്റവും വാശിയേറിയ മത്സരമായിരുന്നു. 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയിക്കുന്നത്.
പാലക്കാട്ടെ സാമുദായിക സമവാക്യം
65 മുതൽ 68 ശതമാനം വരെ ഹിന്ദുക്കൾ ഉള്ള മണ്ഡലമാണ് പാലക്കാട്. ഇതിൽ നായർ, ഈഴവ, വിശ്വകർമ, പട്ടികജാതി വിഭാഗങ്ങൾ നിർണായകമാണ്. 2628 ശതമാനമാണ് മുസ്ലിം വോട്ടുകൾ. ക്രിസ്ത്യൻ വോട്ടുകൾ 4 5 ശതമാനത്തിൽ നിൽക്കും.
നായർ വോട്ടുകളിൽ 30 മുതൽ 40 ശതമാനം വരെ ഇപ്പോൾ ബിജെപിക്കൊപ്പമാണ്. 2016 മുതൽ ഇതാണ് ട്രെൻഡ്. നായർ വോട്ടുകൾ വലിയ തോതിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയിട്ടുണ്ട്. എന്നാൽ 2024 ലെ ഉപതിരഞ്ഞെടുപ്പിൽ വലിയ തോതിൽ നായർ വോട്ടുകളുടെ സഹായം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയിരുന്നു. ഈഴവ വോട്ടുകളാണ് എൽഡിഎഫിന്റെ ശക്തി. ഇതിൽ പകുതിയും അവർക്ക് കിട്ടുന്നുണ്ടായിരുന്നു. എങ്കിലും ബിജെപി ഈ വോട്ട് ബാങ്കിൽ വിള്ളലുകൾ വീഴ്ത്തുന്നുണ്ട്. ഹിന്ദു വിഭാഗത്തിൽ നിർണായകമായ മറ്റൊരു ഘടകം ദളിത് വോട്ടുകളാണ്. ഇടതുപക്ഷമായിരുന്നു ഇതിന്റെ പ്രധാന ഗുണഭോക്താക്കളെങ്കിലും മറ്റ് ഹൈന്ദവ വിഭാഗങ്ങളിലെന്നപോലെ ഇവിടെയും ബിജെപി സ്വാധീനം ഉണ്ടാക്കുകയാണ്. ഒരുപങ്ക് യുഡിഎഫിലേക്കും പോകുന്നുണ്ട്.
പ്രതീക്ഷ മുസ്ലീം വേട്ടുകൾ
28 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകളിൽ യുഡിഎഫ് അമിത പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഏകദേശം 60 ശതമാനം അവർക്ക് തന്നെയാണ് കിട്ടുന്നതും. 30 ശതമാനത്തോളം വോട്ടുകൾ ഇടതുപക്ഷത്തിനുമുണ്ട് മുസ്ലിം വിഭാഗത്തിൽ നിന്ന്. ഉപതിരഞ്ഞെടുപ്പിൽ രാഹുലിന്റെ വൻ വിജയത്തിന് മുസ്ലിം വോട്ടുകളുടെ വലിയ തോതിലുള്ള പിന്തുണ സഹായിച്ചിട്ടുണ്ട്. പിരിയാരി പഞ്ചായത്തിൽ ലീഗ് ശക്തമാണ്. അവിടെ നല്ല രീതിയിൽ മുസ്ലിം വോട്ടുകളുടെ ഏകീകരണം യുഡിഎഫിലേക്ക് ഉണ്ടായിട്ടുണ്ട്. കണ്ണാടിയിലും മാത്തൂരും ഷാഫി നേടിയതിനെക്കാൾ വോട്ട് രാഹുൽ നേടിയതും ഈ ഏകീകരണം മൂലമാണ്. 42 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രാഹുൽ നേടിയത്. ഇ ശ്രീധരൻ മത്സരിച്ചപ്പോൾ ഉണ്ടായിരുന്ന 35 ശതമാനം വോട്ട്, ഉപതിരഞ്ഞെടുപ്പിൽ 28 ശതമാനമായി പോയത് ബിജെപി കാര്യമാക്കുന്നില്ല. പഞ്ചായത്തുകളിൽ വോട്ട് കൂടുന്നതും നഗരസഭ പരിധിയിൽ വോട്ട് നിലനിർത്തുന്നതിനും ഒപ്പമാണ് ശോഭ സുരേന്ദ്രൻ എന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിലും അവർ വിശ്വസിക്കുന്നത്.
കണക്കുകൾ പ്രകാരം മുൻതൂക്കം യുഡിഎഫിന് ഉണ്ടായിട്ടും അവർ അസ്വസ്ഥരാകുന്നതിന്റെ കാരണം മുസ്സിം വോട്ടുകളുടെ പിളർപ്പ് തന്നെയാണ്. ഏകദേശം 28 ശതമാനത്തോളം വരുന്ന മണ്ഡലത്തിലെ മുസ്ലിം വോട്ടുകളിൽ 30 ശതമാനത്തോളം എൽഡിഎഫിന് കിട്ടുമെന്നാണ് മുൻസർവേകളിൽ പറയുന്നത്. ഈ വോട്ടുകൾ അതി നിർണായകമാണ്. ഷാഫി ശ്രീധരൻ മത്സരത്തിൽ ഈ വോട്ടുകളുടെ ഏകീകരണവും ഒപ്പം സിപിഎം വോട്ടുകളും ബിജെപി വിജയം തടയാൻ വേണ്ടി ഷാഫിക്ക് പോയിരുന്നു. 2024 ഉപതിരഞ്ഞെടുപ്പിലും മുസ്സിം വോട്ടുകൾ ഏകീകരിക്കപ്പെടുകയും രാഹുലിന് സഹായമായി മാറുകയും ചെയ്തിരുന്നു. പക്ഷേ ഇത്തവണ അത്യു നടക്കില്ലെന്ന് യു.ഡി.എഫ് കരുതുന്നു. മുസ്ലിം വോട്ടുകൾ പിളരുമെന്ന പേടിയിൽ നിന്നാണ് രാഷ്ട്രീയമോ വികസനമോ പറയാതെ ഡീൽ ആരോപണം മാത്രം മുന്നിൽ നിർത്താൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.