മൂന്നാമൂഴത്തിന് പിണറായി ; പോരാളി പരിവേഷത്തിൽ അബ്ദുൾറഷീദ് പ്രതീക്ഷയോടെ കെ.രഞ്ജിത്തും

Tuesday 31 March 2026 10:37 PM IST

മണ്ഡലങ്ങളിലൂടെ -ധർമ്മടം

കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലയിൽ ശ്രദ്ധാകേന്ദ്രമാണ് ധർമ്മടം. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ കൂടി ധർമ്മടത്തിന്റെ മണ്ണിൽ അങ്കത്തിനിറങ്ങുമ്പോൾ ,കോട്ട തകർക്കാനുള്ള ദൗത്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.പി.അബ്ദുൾ റഷീദ് രംഗത്തെത്തിയിരിക്കുന്നു.

വികസന തുടർച്ചയും ഭരണസ്ഥിരതയും മുൻനിർത്തിയാണ് എൽ.ഡി.എഫ്. ഇക്കുറി ധർമടത്ത് പ്രചാരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ വികസന സംവാദ സംഗമങ്ങൾ നടത്തി. പ്രാദേശിക കൺവൻഷനുകൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി സംസ്ഥാനവ്യാപക പ്രചാരണത്തിന് ഇറങ്ങിയത്.

2021ൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭൂരിപക്ഷം 40,617ൽ നിന്ന് 22,689 ആയി കുറച്ച പോരാളിയാണ് പിണറായിയുടെ എതിരാളിയായ അബ്ദുൾ റഷീദ് . ഇത്തവണ തളിപ്പറമ്പ് സീറ്റ് ഉറപ്പിച്ചിരുന്ന അബ്ദുൾറഷിദിന് സി.പി.എം വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെയാണ് ധർമ്മടത്തേക്ക് മാറേണ്ടിവന്നത്.ഭരണ നേട്ടങ്ങൾ ചോദ്യം ചെയ്തും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുമാണ് റഷീദിന്റെ പ്രചരണം.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ആണ് എൻ.ഡി.എ. സ്ഥാനാർഥി. 2021ൽ 14,623 വോട്ടുകൾ നേടിയ ബി.ജെ.പി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 16,711 ലേക്ക് നില ഉയർത്തി. കണ്ണൂർ ജില്ലയിൽ എൻ.ഡി.എക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന നാലാമത്തെ മണ്ഡലമാണ് ധർമ്മടം. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ മുൻനിർത്തിയുള്ള പ്രചാരണമാണ് എൻ.ഡി.എ. നടത്തുന്നത്.

ധർമ്മടം ഇടതുകോട്ട 2011ൽ നിലവിൽ വന്ന ധർമടം മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കെ.കെ.നാരായണൻ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2016ൽ പിണറായി വിജയൻ ആദ്യമായി ഇവിടെ മത്സരത്തിനിറങ്ങിയ പിണറായി 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 50,123 ആയി ഉയർന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ എൽ.ഡി.എഫ് മേൽക്കൈ വെറും 2,616 വോട്ടിലേക്ക് ചുരുങ്ങി. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഏകദേശം 16,500 വോട്ടുകളുടെ ഭൂരിപക്ഷം നേടി ആധിപത്യം ഒരു പരിധി വരെ തിരിച്ചുപിടിച്ചു.

@ 2021

ആകെ വോട്ടർമാർ 193486 പോൾ ചെയ്തത് 160247 ശതമാനം 82.82 പിണറായി വിജയൻ എൽ.ഡി.എഫ്: 95522 സി. രഘുനാഥ് (യു.ഡി.എഫ്) 45399 സി.കെ.പത്മനാഭൻ ( എൻ.ഡി.എ) 14623 ഭൂരിപക്ഷം: 50123

2024 ലോകസഭ:

എൽ.ഡി.എഫ്. ഭൂരിപക്ഷം 2616

2025 തദ്ദേശം

എൽ.ഡി.എഫ്. ഭൂരിപക്ഷം 16500

ആകെ വോട്ടർമാർ

251,050

പുരുഷൻ: 98049

സ്ത്രീ : 107950

ട്രാൻസ്ജൻഡർ: ഒന്ന്,

പ്രവാസി : 5005