ചാരുപാറ മേഖലയിൽ തെരുവ്നായ്ക്കൾ പെരുകുന്നു

Wednesday 01 April 2026 1:47 AM IST

വിതുര: തൊളിക്കോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ, പേരയത്തുപാറ,മണലയം മേഖലയിൽ തെരുവ് നായ്ക്കളെ കൊണ്ടിറക്കുന്നതായി പരാതി. ഇവയെ പേടിച്ച് വഴി നടക്കുവാൻ കഴിയാത്ത അവസ്ഥയാണ്. റോഡരികിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കിൽ തെരുവുനായ്ക്കളുടെ ആക്രമണം ഉറപ്പാണ്. വഴിപോക്കരെ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. മാത്രമല്ല തെരുവുനായ്ക്കൾ ഭക്ഷണത്തിനായി വീടുകളിൽ അതിക്രമിച്ചുകയറുകയും ചെയ്യുന്നുണ്ട്. കോഴികളേയും കൊന്നൊടുക്കിയതായും പരാതിയുണ്ട്. ആടുകളേയും കടിച്ചുകുടഞ്ഞു.

ചാരുപാറ റോഡരികിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇതാണ് തെരുവുനായ്ക്കൾ കഴിക്കുന്നത്. രാത്രിയിൽ പന്നികളും മാലിന്യം കഴിക്കുവാൻ എത്തുന്നുണ്ട്.

ശല്യം രൂക്ഷം

ചാരുപാറക്ക് പുറമേ വിതുര മേഖലയിലും തെരുവ്നായ്ക്കളെ കൊണ്ടിറക്കി വിടുന്നതായും പരാതിയുണ്ട്. വിതുര കലുങ്ക് ജംഗ്ഷൻ, താലൂക്കാശുപത്രിജംഗ്ഷൻ, കൊപ്പം,ഹൈസ്കൂൾ ജംഗ്ഷൻ,ചന്തമുക്ക്, കെ.പി.എസ്.എം,തേവിയോട്,ബസ് ഡിപ്പോ,ആശുപത്രിജംഗ്ഷൻ,കൊപ്പം,ചായം ചെറ്റച്ചൽ മേഖലകളിലും തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണ്.

വിദ്യാർത്ഥികൾക്കും ഭീഷണി

ചാരുപാറയിലാണ് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക്സ്കൂൾ പ്രവർത്തിക്കുന്നത്. നായ്ക്കൾ സ്കൂളിലും അതിക്രമിച്ചു കയറാറുണ്ട്. തെരുവുനായശല്യം മൂലം റോഡിലൂടെ വിദ്യാർത്ഥികൾക്ക് നടന്നുവരുവാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായരും, വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവും, മാനേജർ അഡ്വ.എൽ.ബീനയും പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. പരിഹാരം കാണുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.

ചാരുപാറ മേഖലയിൽ വർദ്ധിച്ചുവരുന്ന തെരുവ്നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണം.

പേരയത്തുപാറ റസിഡൻസ് അസോസിയേഷൻ