ചിഹ്നങ്ങൾക്കും പറയാനുണ്ട് ചക്ക സീസണാണ്,ഗ്യാസ് കിട്ടാനില്ല...
കണ്ണൂർ: പശ്ചിമേഷ്യൻ സംഘർഷത്തോടെ കിട്ടാക്കനിയായ ഗ്യാസ് സിലിണ്ടർ മുതൽ മീനമാസത്തിൽ ഏതു വാർഡിലും കാണുന്ന ചക്ക വരെ തിരഞ്ഞെടുപ്പിൽ ചിഹ്നമാണ്.സി.പി.എം വിട്ട് തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത് ഗ്യാസ് സിലിണ്ടറാണ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നാട്ടിൽ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടർ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് നേട്ടമായിട്ടാണ് തളിപ്പറമ്പിലെ യു.ഡി.എഫ് ക്യാമ്പുകൾ കാണുന്നത്. വോട്ടർമാരുടെ മനസിൽ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പെട്ടെന്ന് മറക്കാൻ ഇടവരില്ല.
പാചകവാതക സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുടമകൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തിരഞ്ഞെടുപ്പിൽ ഉയരുന്നുണ്ട്. കോൺഗ്രസ് കോട്ടയായ ഇരിക്കൂറിൽ ട്വന്റി 20 സ്ഥാനാർത്ഥി ശ്രീനാഥ് പത്മാനഭന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ചക്കയാണ്. സീസണായതിനാൽ മിക്കയിടത്തും കൺമുന്നിലുള്ള ചിഹ്നമാണിത്.
പേരാവൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പൈലി വാത്യാട്ടിന്റെ ചിഹ്നമായ തെങ്ങിൻതോപ്പും ആളുകളുടെ മനസിൽ പതിയുന്ന സ്വതന്ത്ര ചിഹ്നങ്ങളാണ്. കണ്ണൂരിൽ മത്സരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ചിഹ്നമായ ടി.വിയും മിക്ക സമയത്തും ആളുകളുടെ കൺമുന്നിൽ തെളിയുന്ന ചിഹ്നമാണ്.
അതെ സമയം ചിഹ്നത്തേക്കാൾ പ്രാധാന്യം സ്ഥാനാർത്ഥികളുടെ പ്രകടനവും ജനങ്ങൾക്കിടയിലുള്ള സ്വാധീനവുമാണ് എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം വോട്ടർമാരും.