ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വേലകളി കഴിഞ്ഞു, ഇന്ന് പള്ളിവേട്ട
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് പദ്മതീർത്ഥക്കരയിൽ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി നടന്നു. പഞ്ചപാണ്ഡവ ശില്പങ്ങൾക്ക് മുന്നിൽ വർഷത്തിലൊരിക്കൽ നടക്കുന്ന വേലകളി കാണാൻ നിരവധി ഭക്തരെത്തിയിരുന്നു. രാത്രി 8.30ന് പൊന്നും ശീവേലിയിൽ വലിയ കാണിക്കയും നടന്നു.
ഇന്ന് രാത്രി 8ന് പടിഞ്ഞാറേനട വഴിയാണ് വേട്ടപ്പുറപ്പാട്. ശ്രീപദ്മനാഭ സ്വാമിയെ സ്വർണ ഗരുഡവാഹനത്തിലും വടക്കേടത്ത് നരസിംഹസ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിവാഹനങ്ങളിലും എഴുന്നള്ളിക്കും. വാദ്യമേളങ്ങളില്ലാതെ വേട്ടയ്ക്ക് പുറപ്പെടും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി അകമ്പടി പോകും.
സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിൽ പ്രതീകാത്മകമായി ക്ഷേത്രം സ്ഥാനി കരിക്കിൽ അമ്പെയ്‌ത് വേട്ട നിർവഹിക്കും. തുടർന്ന് വാദ്യഘോഷങ്ങളോടെ വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയെ ഒറ്റക്കൽ മണ്ഡപത്തിൽ പള്ളിക്കുറുപ്പിനിരുത്തും. നാളെ രാവിലെ പശുവിനെയും കിടാവിനെയുമെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തിയ ശേഷം അഭിഷേകവും മറ്റ് പൂജകളും നടത്തും. നാളെ വൈകിട്ട് ശംഖുംമുഖത്തെ കടവിലാണ് ആറാട്ട്. സ്വർണ ഗരുഡ വാഹനത്തിലാണ് ആറാട്ടിന് ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുക. നരസിംഹമൂർത്തി,തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റ് നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ചേർന്നുള്ള കൂടിയാറാട്ടാണ് ശംഖുംമുഖത്ത് നടക്കുക. വെള്ളിയാഴ്ച ആറാട്ട് കലശത്തോടെ ഉത്സവം സമാപിക്കും.