വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ തെരുവ് നാടകവുമായി കുടുംബശ്രീ

Wednesday 01 April 2026 2:54 AM IST

ഇടുക്കി: കുടുംബശ്രീയുടെയും, സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയിൽ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടക പര്യടനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാകളക്ടർ ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 7 വരെ രംഗശ്രീയുടെ നാടകം അരങ്ങേറും. ഇന്നലെ കുമളി ഗ്രാമപഞ്ചായത്തിൽ കുമളി, മണ്ണാംകുടി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളിൽ നാടകം അരങ്ങേറി. ഇന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുമ്പ്പാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളിലും 5 ന് കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കോവിൽക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും 6 ന് വട്ടവട ഗ്രാമപഞ്ചായത്തിൽ വട്ടവട ബസ് സ്റ്റാൻഡ്, കൊട്ടക്കാമ്പൂർ, കോവിലൂർ പ്രദേശങ്ങളിലും 7 ന് മറയുർ ഗ്രാമപഞ്ചായത്തിലെ മറയൂർ ടൗൺ, നൂറുവീട്, കൂടക്കാട് എന്നിവടങ്ങളിലാണ് നാടകം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് പങ്കാളിത്തം വർദ്ധിപ്പിക്കുക, വോട്ടിംഗ് യന്ത്രം ഉപയോഗം, വി.വിപാറ്റ് സംവിധാനം പരിചയപ്പെടുത്തുക, ഹോം വോട്ടിംഗ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് 'വിരൽത്തുമ്പിലെ ജനാധിപത്യം' എന്ന തെരുവ് നാടകം സംഘടിപ്പിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങൾ കേന്ദ്രികരിച്ചാണ് നാടകം ക്രമീകരിച്ചിരിക്കുന്നത്.കുടുംബശ്രീയുടെ കലാസമിതി രംഗശ്രീഇടുക്കി വിഭാഗം വേദിക രംഗശ്രീയിലെ അഞ്ചംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. സുജന്തി, ഷൈലജ, ഓമന,ജമീല, ലൗലി എന്നിവരാണ് അഭിനേതാക്കൾ.