കുളത്തിൻകര കർഷക കൂട്ടായ്മയ്ക്ക് നൂറുമേനി വിജയം

Wednesday 01 April 2026 1:06 AM IST

ആറ്റിങ്ങൽ: മൂന്ന് പതിറ്റാണ്ടിന് ശേഷം മുദാക്കൽ ചെമ്പൂര് കുളത്തിൻകര പാടശേഖരത്തിൽ ഉത്സവാന്തരീക്ഷത്തിൽ വിളവെടുപ്പ് ആരംഭിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ കുളത്തിൻകരയിൽ ഇരുപ്പൂവാണ് വിളഞ്ഞിരുന്നത്. പിന്നീട് ജല ലഭ്യത ഉണ്ടായപ്പോൾ പലപ്പോഴും പുഞ്ചയും വിളഞ്ഞിരുന്നു. എന്നാൽ തൊഴിലാളികളുടെ ദൗർലഭ്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവകാരണം നഷ്ടത്തിന്റെ തോത് കൂടിയതോടെ പിൽക്കാലങ്ങളിൽ കൃഷി നിലച്ചു.

കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഒരു കൃഷിയും ചെയ്യാതെ പുല്ലും കാടും വളർന്ന് കൃഷിഭൂമി പാഴ്ഭൂമിയായി മാറി. തരിശുകിടന്ന പല പാടങ്ങളും കൂട്ടായ്മകളിലൂടെ വീണ്ടും വിളനിലമാക്കാൻ നാട്ടുകാർ ഒത്തുകൂടി കൃഷി ആരംഭിക്കുവാൻ തീരുമാനിച്ചു. ജഗദേവൻ പ്രസിഡന്റായും ദീപു സെക്രട്ടറിയായും 55 അംഗ പാടശേഖരസമിതി രൂപീകരിച്ചു. ചിലർ കൃഷിയിറക്കാൻ കൃഷിപ്പാടങ്ങൾ സമിതിക്ക് കൈമാറി. പലവെല്ലുവിളകളും ഇയർന്നെങ്കിലും 30 വർഷം കൊണ്ട് അക്കേഷ്യ തുടങ്ങിയ പാഴ് മരങ്ങൾ വളർന്ന് വനഭൂമി പോലെയായി മാറിയ പാടത്ത് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതു. സാമ്പത്തിക പ്രതിസന്ധികളിൽപെട്ട് കൃഷി ഉപേക്ഷിക്കേണ്ട ഘട്ടം വരെ ഉണ്ടായി. എന്നാൽ മുദാക്കൽ കൃഷി ഓഫീസർ ലീനയും കൃഷിഭവൻ ഉദ്യോഗസ്ഥർമാരും സപ്പോർട്ട് നൽകി പാടശേഖരസമിതിക്ക് ആത്മവിശ്വാസം നൽകി. തുടർന്ന് വ്യക്തികളും വിദ്യാലയങ്ങളും സാംസ്കാരിക സംഘടനകളും കൃഷിക്കായി കൈകോർത്തു.

 വെല്ലുവിളിയും അതിജീവിച്ച്

കീടങ്ങളുടെ ശല്യവും കാട്ടുപന്നി കൂട്ടങ്ങളുടെ ആക്രമണങ്ങളും കൃഷിക്ക് വെല്ലുവിളിയായി. ഇവയെല്ലാം അതിജീവിച്ചാണ് കൃഷി വിജയത്തിലെത്തിച്ചത്. കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ മീന.ടി.ഡി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഏറുമാടം സമർപ്പണം നാടക സംവിധായകൻ ശശി സിതാരയും കൃഷിപ്പാട്ട് റിലീസിംഗ് ഡോ.രാധാകൃഷ്ണനും കർഷക തൊഴിലാളികളെ ആദരിക്കൽ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അർച്ചനയും നിർവഹിച്ചു. തുടർന്ന് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചു.

ചിത്രം : ചെമ്പൂര് കുളത്തിൻകര പാടശേഖരത്തിൽ കൊയ്ത്ത് ആരംഭിച്ചപ്പോൾ