രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചു,​ മാനസികാഘാതം ഉണ്ടായെന്ന് നടി

Wednesday 01 April 2026 12:16 AM IST

തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 9ന് ഫോർട്ട് കൊച്ചിയിൽ നടന്ന ഷൂട്ടിംഗിനിടെയാണ് കുറ്റകൃത്യം നടന്നത്. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. മാനസിക ആഘാതം കാരണം കൗൺസലിംഗിന് വിധേയയാകേണ്ടി വന്നെന്നും നടി പറയുന്നു.

മൂന്നുദിവസം മുൻപ് എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു.

രഞ്ജിത്ത് ഒളിവിൽ പോകുമെന്ന സൂചന ലഭിച്ചതോടെ കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് പോകും വഴി തൊടുപുഴ വച്ച് വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി എസ്.പിയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ്. എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

നേരത്തെ രഞ്ജിത്തിനെതിരെ രണ്ട് പീഡന പരാതികൾ ഉയർന്നിരുന്നു. ഒരു ബംഗാളി നടിയുടെ പരാതിയും പ്രകൃതി വിരുദ്ധ പീഡന പരാതിയിലുമായിരുന്നു കേസെടുത്തത്.