ആലുവയി​ൽ ബൈക്കുകൾ കൂട്ടിമുട്ടി​ 2 യുവാക്കൾ മരിച്ചു

Wednesday 01 April 2026 2:59 AM IST
ആദർശ്

ഒരാൾക്ക് ഗുരുതര പരിക്ക്

ആലുവ: ദേശീയപാതയിൽ പുളിഞ്ചോട് മേൽപ്പാലത്തിലേക്ക് കയറുന്ന ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

അങ്കമാലി പാറക്കടവ് മാരായിൽ വീട്ടിൽ ആദർശ് (കുഞ്ഞൻ, 18), കാതികുടത്ത് താമസിക്കുന്ന ചെറായി പനങ്ങാട് വീട്ടിൽ ദേവകൃഷ്ണ (20) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.40നാണ് അപകടം. സർവീസ് റോഡിൽ നിന്ന് ഇവർ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് ദേശീയപാതയിലേക്ക് കയറിയപ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന പറവൂർ സ്വദേശി ജിതിൻ (22) ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവർ ഭക്ഷണ വിതരണ ശ്യംഖലയിൽ ജോലി ചെയ്യുന്നവരാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പ്രമോദിന്റെയും സിനിയുടെയും ഏകമകനാണ് ആദർശ്. പരേതരായ രാധാകൃഷ്ണനും രാധയുമാണ് ദേവകൃഷ്ണയുടെ മാതാപിതാക്കൾ. സഹോദരി: ദർശന.