എണ്ണ വേണമെങ്കിൽ ഹോർമുസ് പിടിച്ചെടുത്ത് സ്വന്തമാക്കുക:ട്രംപ്

Wednesday 01 April 2026 1:50 AM IST

ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് എണ്ണ ലഭ്യത സ്വന്തമായി ഉറപ്പുവരുത്താനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ, ഇറാനെ തകർക്കാൻ കൂട്ടുനിൽക്കാത്ത രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. ഒന്നുകിൽ, യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക.അല്ലെങ്കിൽ, ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്.നിങ്ങൾ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ നിങ്ങളെ സഹായിക്കാൻ ഇനി യു.എസ് അവിടെയുണ്ടാവില്ല.നിങ്ങളുടെ എണ്ണ സ്വയം നേടുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കൂടാതെ വരുംദിവസങ്ങൾ നിർണായകമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാന് ഇക്കാര്യം അറിയാമെന്നും സൈനികപരമായി അതിലൊന്നും ചെയ്യാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.

അതേസമയം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും സൗദി അറേബ്യക്ക് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തകർക്കാൻ പ്രതിരോധ സേനയ്ക്കായെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 846 ഡ്രോണുകളും 71 മിസൈലുകളും തകർക്കാൻ സൗദി പ്രതിരോധ സേനയ്ക്ക് സാധിച്ചിട്ടുണ്ട്.

മുന്നറിയിപ്പുമായി ഇറാൻ‍

യു.എസിനോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോയോ അയയ്ക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഇറാൻ ഭരണകൂടം. അങ്ങനെ ചെയ്താൽ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്ക്കു വിധേയരാക്കാനാണ് ഭരണകൂടത്തിന്റെ നിർദേശം.യു.എസിനും ഇസ്രയേലിനും വിവരങ്ങൾ കൈമാറുന്നതായി ആരോപിച്ച് രണ്ട് പേരെ ഇറാൻ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തിരുന്നു.