'ഞാൻ അത് ഉടനെ ചെയ്യും, അതോടെ ഇറാൻ തകർന്നുവീഴും'; ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്

Wednesday 01 April 2026 7:35 AM IST

വാഷിംഗ്‌ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ ജോലികൾ പൂർത്തിയാക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളിലോ ഒരു പക്ഷേ രണ്ട് ദിവസങ്ങൾക്കുള്ളിലോ എല്ലാം ശരിയാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്നലെ വെെറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന നിർണായക നിലപാടുകൾ വിശദീകരിക്കാൻ ട്രംപ് ഇന്ന് വെെകുന്നേരം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.

' ഇറാനെ വിട്ടുകളയുകയാണ് ആകെ എനിക്ക് ചെയ്യാൻ കഴിയുക. ഞാൻ അത് ഉടനെ ചെയ്യും. അതോടെ അവർ തകർന്നുവീഴും. ഞങ്ങളുടെ ജോലികൾ ഒരുവിധം പൂർത്തിയാക്കുകയാണ്. ഒരു പക്ഷേ രണ്ടാഴ്ചയ്ക്കുള്ളിൽ അല്ലെങ്കിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഒരു കരാറിലും ഏർപ്പെടേണ്ട ആവശ്യമില്ല ' - ട്രംപ് പറഞ്ഞു.

അതേസമയം,​ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് എണ്ണ ലഭ്യത സ്വന്തമായി ഉറപ്പുവരുത്താൻ ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർക്കാൻ കൂട്ടുനിൽക്കാത്ത രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല.

'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക. അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക"- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്. നിങ്ങൾ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല. നിങ്ങളുടെ എണ്ണ സ്വയം നേടുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.