'കർമ്മ  ആരെയും  വെറുതെ  വിടില്ല';പ്രതികരണവുമായി രഞ്ജിത്തിനെതിരെ മുൻപ് പീഡന പരാതി നൽകിയ ബംഗാളി നടി

Wednesday 01 April 2026 11:13 AM IST

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ പ്രതികരണവുമായി ബംഗാളി നടി. ഇവർ മുൻപ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരുന്നു. കർമ്മ (കർമ്മം) ആരെയും വെറുതെ വിടില്ല. ചെയ്യുന്നതെല്ലാം തിരിച്ചുകിട്ടുമെന്നാണ് നടി പറഞ്ഞത്. ഒരു മാദ്ധ്യമത്തോടായിരുന്നു നടിയുടെ പ്രതികരണം.

'രഞ്ജിത്ത് പ്രശസ്തനായ സംവിധായകനായിരിക്കാം. എന്നാൽ എനിക്കതിനെക്കുറിച്ചറിയില്ല. രഞ്ജിത്ത് നല്ലൊരു മനുഷ്യനല്ലെന്നാണ് ഇപ്പോൾ പുറത്തുവന്ന പീഡനപരാതി തെളിയിക്കുന്നത്. അയാളൊരു ലൈംഗിക വേട്ടക്കാരനാണ്. അതിക്രമത്തെക്കുറിച്ച് പുറത്തുപറയാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്നെനിക്ക് ആരെയും അറിയില്ലായിരുന്നു. സോഷ്യൽ മീഡിയ ഇത്രത്തോളം വളർന്നിട്ടില്ലായിരുന്നു. കാലതാമസം വന്നതുകൊണ്ടാണ് എന്റെ കേസ് റദ്ദാക്കിയത്.

രഞ്ജിത്തിനെതിരെ പരാതി നൽകിയ നടിയോട് നന്ദി പറയുന്നു. ഇത്തരത്തിലുള്ള ലൈംഗിക വേട്ടക്കാരെ ജയിലിലടയ്ക്കണം. സ്ത്രീകൾ ബഹുമാനിക്കപ്പെടാൻ അർഹരാണെന്ന ഉദാഹരണം നൽകുന്നതായിരിക്കണം ഈ കേസ്'- നടി വ്യക്തമാക്കി.

2009ൽ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ വച്ച് ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്ന ബംഗാളി നടിയുടെ പരാതിലാണ് നേരത്തെ കേസെടുത്തത്. 2024ലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കേസിൽ പൊലീസ് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ 2009ലെ സംഭവമാണെന്നും കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചുവെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്‌ടോബറിൽ ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.