റെയ്ഡിൽ പിടിച്ചെടുത്തത് എല്ലാവരും പാചകത്തിന് ഉപയോഗിക്കുന്ന സാധനം; പിടികൂടിയത് 4032 കിലോയിലധികം

Wednesday 01 April 2026 12:16 PM IST

ഹൈദരാബാദ്: നഗരത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ വൻ തോതിൽ മായം കലർത്തിയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തു. റെസ്റ്റോറന്റുകളിലേക്കും റീട്ടെയിൽ ഒട്ട്ലെറ്റുകളിലേക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ഉൽപ്പന്നമാണ് പിടികൂടിയത്. കട്ടേദാനിലെ എസ്‌കെആർ ഫുഡ് പ്രോഡക്‌ട്‌സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും 4,032 കിലോയിലധികം മായം കലർന്ന ഉൽപ്പന്നവും 6,210 കിലോ ഗ്രാം നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്‌തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അസറ്റിക് ആസിഡ്, സാന്തൻ ഗം തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കളും അഡിറ്റീവുകളും കലർത്തിയാണ് ഇവിടെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മിച്ചതിന് യൂണിറ്റിന്റെ ഉടമയായ ഹസൻ അലി രൂപാണിയെ (55) അറസ്റ്റ് ചെയ്‌തു. ഹൈദരാബാദ് സിറ്റി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തറയിൽ സൂക്ഷിച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കാണാൻ കഴിയും.

ഹൈദരാബാദിൽ ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. നേരത്തെ മല്ലേപ്പള്ളിയിൽ നടത്തിയ റെയ്‌ഡിൽ ഏകദേശം 1,090 കിലോഗ്രാം മായംചേർത്ത ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തിരുന്നു.