പ്രമുഖ ബാങ്കിൽ ജോലി നേടാം, ശമ്പളം 85,000 രൂപ; ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം

Wednesday 01 April 2026 4:47 PM IST

പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആന്റ് സിന്ദ് ബാങ്കിൽ തൊഴിലവസരം. ലോക്കൽ ബാങ്ക് ഓഫീസർ തസി‌തികയിലേക്കാണ് ഒഴിവുള്ളത്. ആകെ 1000 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാകും നിയമനം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർ കേഡറിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായം 20 വയസിനും 30 വയസിനും ഇടയിലായിരിക്കണം. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി (നോൺ ക്രീമി ലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായമിളവ് ലഭിക്കും. മാത്രമല്ല, ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് അപേക്ഷകർക്ക് 650 അല്ലെങ്കിൽ അതിന് മുകളിൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 85,920 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഇതിന് പുറമെ ഡിഎ, എച്ച്ആർഎ, മെഡിക്കൽ സൗകര്യങ്ങൾ, യാത്രാ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ഓൺലൈൻ പരീക്ഷ, പേഴ്‌സണൽ ഇന്റർവ്യൂ, ഭാഷാ പരീക്ഷ എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ളവർ punjabandsind.bank.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 2026 ഏപ്രിൽ 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 850 രൂപയും എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴി അല്ലെങ്കിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടയ്‌ക്കാവുന്നതാണ്.