കലാശക്കൊട്ടിന് ദിവസങ്ങൾ മാത്രം.... അവസാന തന്ത്രവും പയറ്റാൻ മുന്നണികൾ
കോട്ടയം : കലാശക്കൊട്ടിലേയ്ക്ക് അടുക്കുമ്പോൾ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോഗിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. എഫ്.സി.ആർ.എ മുതലെടുക്കാൻ ഇരുമുന്നണികളും ശ്രമിക്കുമ്പോൾ പ്രതിരോധ മാർഗങ്ങളാണ് എൻ.ഡി.എ ക്യാമ്പിലെ പ്രധാന ആലോചന. മണ്ഡലങ്ങളിലുടനീളം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. പരമാവധി വോട്ടർമാരെ വരുതിയിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ദു:ഖവെള്ളി പ്രമാണിച്ച് മൂന്ന് മുന്നണികളും പരസ്യ പര്യടനം നടത്തില്ല. മൈക്ക് അനൗൺസ്‌മെന്റും ഉണ്ടാവില്ല. തുറന്ന വാഹന പര്യടനം അവസാനിപ്പിച്ച് വീണ്ടും കുടുംബയോഗങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാന മുന്നണികളുടെ തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടനം ഏകദേശം പൂർത്തിയായി. രാഹുൽ ഗാന്ധി, പിണറായി വിജയൻ, പ്രകാശ് കാരാട്ട്, സച്ചിൻ പൈലറ്റ്, രേഖ ഗുപ്ത എന്നിവർ വിവിധ മണ്ഡലങ്ങളിലെത്തി. പ്രധാന മന്ത്രിയുടെ വരവ് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് അവസാന വട്ടം തിരിച്ചടിയായി.
ദിവസവും അവലോകനയോഗം
പകൽ കോർണർ യോഗങ്ങളും വൈകിട്ട് തിരഞ്ഞെടുപ്പ് അവലോകനങ്ങളുമാണ് നടക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റികളും എൻ.ഡി.എ കോർ കമ്മിറ്റിയും ദിവസവും ചേർന്ന് പ്രചാരണങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. ഏതൊക്കെ മേഖലയിൽ ജനാവലിയുണ്ടായി, എവിടെയൊക്കെ പ്രവർത്തകർ കൂടുതൽ സഹകരിച്ചു, എതിരാളികളുടെ ക്യാമ്പയിന്റെ ജനപിന്തുണ തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. നേതാക്കൾ യോഗം ചേർന്നും പ്രവർത്തനം വിലയിരുത്തുന്നുണ്ട്. പോരായ്മകൾ പരിഹരിച്ച് മുന്നേറാനാണ് നീക്കം.
പാലായിൽ പ്രത്യേക ഫോക്കസ്
പാലായിൽ പ്രത്യേക ശ്രദ്ധയുമായി മുന്നണികൾ
എതിരാളികളുടെ ആരോപണങ്ങൾക്ക് മറുപടി
പുതിയ വിഷയങ്ങൾ വോട്ടർമാരിൽ എത്തിക്കും
സഹതാപമടക്കമുള്ള വൈകാരിക പ്രകടനം