മാദ്ധ്യമ പ്രവർത്തകയാണ്, മടിയിൽ കനമില്ലാത്ത ഈ സ്ഥാനാർത്ഥി
കോട്ടയം : സംസ്ഥാനത്ത് ഏറ്റവും കുറവ് ആസ്തികൊണ്ട് ശ്രദ്ധേയയായ ഏറ്റുമാനൂരിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി ആഷ്ന തമ്പി മാദ്ധ്യമ പ്രവർത്തകയാണ്. എസ്.യു.സി.ഐ തിരുവാർപ്പ് ലോക്കൽ കമ്മിറ്റിയംഗവും, ഓൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ആഷ്നയുടെ മത്സരം പുതലമുറ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ്. 26 കാരിയായ ആഷ്നക്ക് പത്രിക കൊടുക്കുമ്പൾ കൈയിലുണ്ടായിരുന്നത് 84 രൂപ മാത്രം. സ്വന്തമായി കാര്യമായ സമ്പാദ്യമില്ലാത്തതിനാൽ, ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത്.
എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്സിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദവും, കോട്ടയം പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമയും നേടി ഓൺലൈൻ മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് സ്ഥാനാർത്ഥിയാകുന്നത്. തിരുവനന്തപുരത്ത് ആശാസമരത്തിന്റെ ഭാഗമായി മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്നയും മുടി മുറിച്ചിരുന്നു.