ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് ഏഴ് വര്‍ഷത്തിന് ശേഷം; ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്തില്‍

Wednesday 01 April 2026 7:49 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് വരുന്നു. ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ എസ്‌വാതിനിയുടെ പതാക ഘടിപ്പിച്ച കപ്പലിലായിരിക്കും എണ്ണ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇറാനില്‍ നിന്ന് യാത്ര തിരിച്ച കപ്പല്‍ ഏപ്രില്‍ നാലിന് (ശനിയാഴ്ച) ഗുജറാത്തിലെ ദീന്‍ദയാല്‍ തുഖമുഖത്ത് നങ്കൂരമിടും. 2015ലെ ആണവകരാറില്‍നിന്ന് പിന്മാറിയതിന് പിന്നാലെയാണ് അമേരിക്ക ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇറാനിയന്‍ എണ്ണ ഉപേക്ഷിച്ചിരുന്നു.

ദേശീയ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2019ന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കേണ്ടി വന്നത്. ഈ സാഹചര്യങ്ങള്‍ക്ക് രാഷ്ട്രീയപരമായി വ്യത്യാസം വന്നിട്ടില്ലെങ്കിലും രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്താണ് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചത്.

ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചത് ഇന്ത്യയെയും ബാധിച്ചിരുന്നു. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യയിലേക്കുള്ള പത്തോളം വിദേശ എണ്ണക്കപ്പലുകളും 18 ഇന്ത്യന്‍ കപ്പലുകളും കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. ഇതിനിടെ, ഇന്ത്യയടക്കമുള്ള അഞ്ച് സൗഹൃദരാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടുമെന്ന് നേരത്തേ ഇറാന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള എല്‍പിജി കപ്പലുകളടക്കം ഹോര്‍മുസ് കടന്നിരുന്നു.