"ഹരിപ്പാട് എന്നും ഹൃദയത്തിലുണ്ട്"
ഹരിപ്പാട്: "ഹരിപ്പാട് എന്നും ഹൃദയത്തിലുണ്ട്" എന്ന വൈകാരികമായ മുദ്രാവാക്യമുയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ ബൂത്ത് തല സ്വീകരണ പരിപാടികൾക്ക് ആവേശകരമായ തുടക്കം. പള്ളിപ്പാട് 28 കടവിൽ നിന്ന് പര്യടനം ആരംഭിച്ചു. ഇവിടെ കോളനി നിവാസികൾ നെൽക്കതിൽ നൽകിയാണ് ചെന്നിത്തലയെ വരവേറ്റത്. ഒരു കോടി രൂപയുടെ വികസന പ്രവർത്തനം നടത്തിയ മാതൃക കോളനി ആക്കിയതിനുള്ള നന്ദി പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞകാലങ്ങളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ഓരോ സ്വീകരണ യോഗത്തിലും രമേശ് ചെന്നിത്തല സംസാരിച്ചത്.
പൊള്ളുന്ന വെയിലിനെയും അവഗണിച്ച് സ്ത്രീകളും കുട്ടികളും യുവാക്കളും മുതിർന്നവരും കയർ, കർഷക, ഉൾനാടൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് വോട്ടർമാരാണ് ഓരോ സ്വീകരണ യോഗത്തിലും എത്തുന്നത്. കുന്നേൽ ഗുരുമന്ദിരത്തിന് സമീപം ഒരുക്കിയ സ്വീകരണ വേദിയിൽ കുട്ടികളുടെ തിരുവാതിര ആവേശമായി. കരിപ്പുഴ പാലത്തിന് സമീപം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. രമേശ് ചെന്നിത്തല സഞ്ചരിച്ച തുറന്ന വാഹനത്തെ യുവതീയുവാക്കൾ രമേശ് ചെന്നിത്തലയുടെ ചിത്രം പതിച്ച ഷർട്ട് ധരിച്ച് ഇരുചക്ര വാഹനങ്ങളിൽ പിന്തുടർന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജോസഫ് വാഴക്കൻ , മഹാരാഷ്ട്ര മുൻമന്ത്രി അനീഷ് മുഹമ്മദ് ഹരിയാന പി.സി.സി വൈസ് പ്രസിഡന്റ് ചക്രവർത്തി ശർമ എന്നിവർ രമേശ് ചെന്നിത്തലയോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കെടുത്തു. വിവിധ സ്വീകരണ യോഗങ്ങളിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, യു.ഡി.എഫ് നേതാക്കളായ എ.കെ.രാജൻ, എസ്.ദീപു, അനിൽ ബി. കളത്തിൽ, ജോൺ തോമസ്, മുഞ്ഞനാട് രാമചന്ദ്രൻ, എസ്. വിനോദ് കുമാർ, ജേക്കബ് തമ്പാൻ, വി. ഷുക്കൂർ, സജിമട്ടത്ത്, രഞ്ചിത്ത് ചിങ്ങോലി, ദിലീപ്, വി.കെ.നാഥൻ, കെ.എ.ലത്തീഫ്, കെ.ബാബുക്കുട്ടൻ, അജു, ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.