ജയിലിൽ കിടന്ന് മത്സരം, ജയിച്ചിട്ടും സഭ കണ്ടില്ല,​  പി.കെ സുകുമാരന്റേത് അപൂർവ ചരിത്രം

Wednesday 01 April 2026 11:34 PM IST

ആലപ്പുഴ: ജ​ന​ങ്ങളെ നേ​രിൽക്കണ്ട് വോ​ട്ട് ചോ​ദി​ക്കാ​നോ,പ്രചാരണത്തിനോ ക​ഴി​യാ​തെ ജയിലിൽക്കിടന്ന് മത്സരിച്ച് എം.എൽ.എയായി. എന്നാൽ,നിയമസഭ കാണാതെ പോകുകയും ചെയ്ത അപൂർവ ചരിത്രമാണ് യശഃശരീരനായ ഡോ. പി.കെ. സു​കു​മാ​ര​ന്റേത്. കമ്മ്യൂണി​സ്റ്റ് വി​രു​ദ്ധ​ഭ​ര​ണ​കൂ​ടം ചൈ​നീ​സ് ചാ​ര​നെ​ന്ന് മു​ദ്ര​കു​ത്തി കേ​ര​ള​ത്തി​ലെ സി​.പി​.എം നേ​താ​ക്ക​ളെ ജ​യി​ലി​ലാ​ക്കി​യ​പ്പോ​ൾ നേ​തൃ​​നി​ര​യി​ലുണ്ടായിരുന്ന സു​കു​മാ​രനും​ തടവിലായി.

തുടർന്ന്,1965ൽ രാ​ഷ്ട്രീ​യ ത​ട​വുകാരനായ സു​കു​മാ​ര​ൻ കാ​യം​കുളത്ത് സി.പി.എം ​സ്ഥാ​നാ​ർത്ഥി​യാ​യി നാ​മ​നി​ർ​ദ്ദേശ​പ​ത്രി​ക നൽകി. ജയിലിലായതിനാൽ പ്ര​ചാ​ര​ണ​ത്തി​നോ,വോട്ടർമാരെ നേരിൽക്കണ്ട് വോ​ട്ടു ചോ​ദി​ക്കാ​നോ അദ്ദേഹത്തിനായില്ല. തി​ര​ഞ്ഞെ​ടു​പ്പ് നോ​ട്ടീ​സി​ലെ​യും പോ​സ്റ്റ​റി​ലെ​യും ഫോ​ട്ടോ ക​ണ്ടാണ് സു​കു​മാ​ര​നെ വോട്ടർമാർ തിരിച്ചറിഞ്ഞത്. എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ കോ​ൺഗ്ര​സി​ലെ ത​ച്ച​ടി പ്ര​ഭാ​ക​ര​നാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യസ​മ​ര ​സേ​നാ​നി കെ.​കെ.​ മു​ഹ​മ്മ​ദ് (കേ​ര​ള കോ​ൺ​ഗ്ര​സ്),എ​ൻ.​എ​സ്.​പി പ​ണി​ക്ക​ർ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രും മ​ത്സ​രി​ച്ചു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ 17,522 വോ​ട്ടു​ക​ൾ നേ​ടി​ സു​കു​മാ​ര​ൻ വി​ജ​യി​ച്ചു.

എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ത​ച്ച​ടി പ്ര​ഭാ​ക​ര​ന് 17,179 വേ​ട്ടു​ക​ളാണ് ല​ഭി​ച്ചത്. കേ​ര​ളം ഉ​റ്റു​നോ​ക്കി​യ ആ തി​ര​ഞ്ഞെ​ടു​പ്പി​ൽ പി.കെ. സു​കു​മാ​ര​ൻ 343 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും 1965ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പാ​ർ​ട്ടി​ക്കും ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ കൂ​ടി​യി​ല്ല. അങ്ങനെ,​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാനോ,​നി​യ​മ​സ​ഭ കാ​ണാനോ കഴിയാത്ത കാ​യം​കു​ളം എം.​എ​ൽ.എയാ​യി സു​കു​മാ​ര​ൻ മാ​റി.

1967ൽ

​നിയമസഭയിൽ

ജ​യി​ൽ മോ​ചി​ത​നായ സു​കു​മാ​ര​ന് കാ​യം​കു​ള​ത്ത് വ​ൻ സ്വീ​ക​രണമാണ് നൽകിയത്. കാ​യം​കു​ളം വാ​ര​ണ​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​യ സു​കു​മാ​ര​ൻ 1967ൽ ​കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് സി.​പി.​എം ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു. തു​ട​ർ​ന്ന് ആ​ർ.​എ​സ്.​പിയു​ടെ കോ​ട്ട​യാ​യ കൊ​ല്ല​ത്ത് നി​ന്ന് ടി.​കെ.​ ദി​വാ​ക​ര​നെ​തി​രെ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യപ്പെട്ടു. ഇ​ൻ​ഡോ-ചൈ​ന ഫ്ര​ണ്ട്ഷി​പ്പ് സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റായി​രു​ന്ന സു​കു​മാ​ര​ൻ. 1954ൽ ​തി​രു​ക്കൊ​ച്ചി​യി​ലേ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു. എ.എ.റ​ഹീം (ഇ​ര​വി​പു​രം),സി.​എം.​ സ്റ്റീ​ഫ​ൻ (കു​ണ്ട​റ),ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ (കാ​യം​കു​ളം) തുടങ്ങിയ പ്ര​മു​ഖ​രെ​ പ​രാ​ജ​യ​പ്പെ​ടുത്തി.​ 2000 ന​വം​ബ​ർ 8ന് ​അ​ദ്ദേ​ഹം ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു.

​കാ​യം​കു​ളം

വോട്ടിംഗ് നില (1965)

ഡോ.​പി.​കെ. ​സു​കു​മാ​ര​ൻ...............17,522

ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ..............................17,179

കെ.​കെ.​ മു​ഹ​മ്മ​ദ്...............................15,519

ഭൂ​രി​പ​ക്ഷം.................................................349