ജില്ലാക്കോടതിപ്പാലം നിർമ്മാണം നീളുന്നു

Wednesday 01 April 2026 11:41 PM IST

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനായി പശ്ചിമ ബംഗാളിലെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ​ ജില്ലാക്കോടതിപ്പാലത്തിന്റെ നിർമ്മാണം ഇഴയുന്നു. നിലവിൽ പാലത്തിന്റെ 41 ശതമാനം നിർമ്മാണജോലികൾ പൂ‌‌ർത്തിയായി. മേൽപ്പാലത്തിന്റെ നിർമ്മാണവും പൈലിംഗ് ജോലികളുമാണ് ഇപ്പോൾ നടക്കുന്നത്. കനാലിന്റെ തെക്കേക്കരയിലെ ജോലികൾ മന്ദഗതിയിലാണ്. മഞ്ജുള ബേക്കറിക്ക് മുമ്പിലൂടെയുള്ള റാമ്പ് റോഡിന്റെയും സ‌ർവീസ് റോഡിന്റെയും നിർമ്മാണം വൈകുകയാണ്.

പാലം നവീകരണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ 2024 നവംബറിലാണ് ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 5ന് പഴയ പാലം പൊളിച്ചുനീക്കി. പുതിയ ജില്ലാക്കോടതി പാലം 2027 ആഗസ്റ്റിൽ തുറന്നു നൽകാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊഴിലാളികൾ തിരിച്ചെത്തുന്നതോടെ നിർമ്മാണം വേഗത്തിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

അതേസമയം,​ അധിക ജോലികൾ വന്നതോടെ തുക വ‌ർദ്ധിക്കുമെന്ന് കെ.ആർ.എഫ് അധികൃതർ അറിയിച്ചു. മത്സ്യകന്യക ശില്പം, ബോട്ട് ജെട്ടി നിർമ്മാണത്തിലെ മാറ്റം, താത്കാലിക പാലം, കനാലിന്റെ സംരക്ഷണം എന്നിവയാണ് അധികമായി വന്ന ജോലികൾ. കനാൽക്കരയിലെ മണ്ണ് ഇടിയാൻ സാദ്ധ്യതയുള്ളതിനാൽ സംരക്ഷണം ഏർപ്പെടുത്തേണ്ടതുണ്ട്. ഇതോടെ,​ നിർമ്മാണ ചെലവായ 120.52 കോടി രൂപയിൽ മാറ്റംവരും.

യന്ത്രപ്പണിമുടക്കും തലവേദന

 പൈലിംഗിനായി ഉപയോഗിക്കുന്ന റിഗ് എന്ന യന്ത്രം പതിവായി കേടാവുന്നത് ജോലികൾക്ക് തടസമാകുന്നുണ്ട്. പൈൽ ചെയ്യാനായി കുഴിയെടുക്കാനാണ് റിഗ് ഉപയോഗിക്കുന്നത്

കോടതിപ്പാലം നിർമ്മാണത്തിനായി രണ്ട് യന്ത്രങ്ങളാണ് എത്തിച്ചിട്ടുള്ളത്. ഇതിൽ ഒന്നാണ് പതിവായി കേടാകുന്നത്. ഒരുമാസത്തിനുള്ളിൽ മൂന്നുതവണയാണ് ഈ യന്ത്രം കേടായത്

അറ്റകുറ്റപ്പണികൾ നടത്തിയും ഭാഗങ്ങൾ മാറ്റി നോക്കിയിയെങ്കിലും യന്ത്രം വീണ്ടും കേടായി. ചില പ്രധാന ഭാഗങ്ങൾ വിദേശത്ത് നിന്ന് എത്തിക്കേണ്ടതിനാൽ അറ്റകുറ്റപ്പണി വൈകുന്നു

ആകെ പൈലിംഗുകൾ: 171

പൂർത്തിയായത്: 130

ഗർഡറുകൾ: 168

പൂർത്തിയായത്: 42

ജില്ലാക്കോടതിപ്പാലം നി‌ർമ്മാണം പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം തൊഴിലാളികൾ തിരികെ വരും. ഇതോടെ നിർമ്മാണം വേഗത്തിലാകും

- കെ.ആ‌ർ.എഫ്.ബി അധികൃതർ