കെ.അണ്ണാമലൈ മത്സരിക്കും

Thursday 02 April 2026 12:44 AM IST

ചെന്നൈ: ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

കോയമ്പത്തൂർ നോർത്തിൽ നിന്നോ മൊടക്കുറിച്ചി മണ്ഡലത്തിൽ നിന്നോ ആകും മത്സരം. മത്സരിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അണ്ണാമലൈയെ അറിയച്ചിരുന്നു. കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏത് മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തയ്യാറാണെന്നാണ് അണ്ണാമലൈയുടെ നിലപാട്. കോയമ്പത്തൂരിൽ നോർത്ത് മണ്ഡലമാണ് സീറ്റ് വിഭജനത്തിനുശേഷം ബി.ജെ.പിക്കുലഭിച്ചത്. നിലവിൽ കോയമ്പത്തൂർ സൗത്തിലെ എം.എൽ.എയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ വനതി ശ്രീനിവാസൻ അവിടെ മത്സരിക്കാൻ താത്പര്യപ്പെട്ടാൽ അണ്ണാമലൈ സേലത്തിനടുത്ത് മൊടക്കുറിച്ചിയിൽ മത്സരിക്കും. അവിടെ കഴിഞ്ഞ തവണ ബി.ജെ.പിയാണ് വിജയിച്ചത്. മണ്ഡല നിർണയത്തിലുൾപ്പെടെയുള്ള അഭിപ്രായ വ്യത്യാസം കാരണം അണ്ണാമലൈ മത്സരിക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു.

സീറ്റ് നിർണയത്തിൽ

പുനരാലോചന

സീറ്റ് നിർണയത്തിൽ ബി.ജെ.പിക്ക് ലഭിച്ച പുതുക്കോട്ട, ഗന്ധർവക്കോട്ട മണ്ഡലങ്ങളിൽ ഒന്ന് ഉപേക്ഷിച്ച് വേലച്ചേരി ലഭിക്കണമെന്ന് തമിഴ്നാട് ബി.ജെ.പി കേന്ദ്ര കമ്മിറ്റി യോഗം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.ഇക്കാര്യം അദ്ദേഹം അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായി ചർച്ച ചെയ്യും.

ചെന്നൈ സൗത്തിലെ മണ്ഡലമാണ് വേലച്ചേരി. ഇവിടെ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 6 ആണ്. അതിനു മുമ്പ് വേലച്ചേരി ആവശ്യപ്പെട്ട് അത് നേടണമെന്നാണ് ആവശ്യം.