സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
Thursday 02 April 2026 2:27 AM IST
നേമം: തലസ്ഥാനത്ത് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. സ്കൂട്ടറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വെള്ളായണി കല്ലിയൂർ ശാന്തിവിള സ്വദേശി പ്രവീണിനെ (24) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് വിപണിയിൽ വലിയ വിലയുള്ള 32 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പ്രാവച്ചമ്പലം-പള്ളിച്ചൽ റോഡിൽ ഇന്നലെ പുലർച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തുന്നതിനായി എത്തിച്ചതാണ് ലഹരിമരുന്നുകളെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റോബിൻ വാവച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.