ഇനി ഗ്യാസ് ഏജൻസികളും സിലിണ്ടറുകളും ഇല്ലാത്ത കാലം, ഇവയ്ക്ക് പകരക്കാരൻ എന്തായിരിക്കും?
എൽ പി ജി എന്ന കുക്കിംഗ് ഗ്യാസ് നാട്ടിൽ വ്യാപകമായിട്ട് വർഷങ്ങളായി. പക്ഷേ ഇറാൻ യുദ്ധത്തോടെ കൂടുതൽ കേട്ടുതുടങ്ങിയ പേരുകളാണ് എൽ എൻ ജിയും പി എൻ ജിയുമൊക്കെ. കൂടുതൽപ്പേർക്കും ഇത് എന്താണെന്നോ ഇവ നമ്മുടെ ദൈനംദിന ജീവിതത്തിനുള്ള ചെലവ് കുറയ്ക്കുമോ ജീവിതം എളുപ്പമാക്കുമോ എന്നൊന്നും അറിയില്ല. എൽ പി ജിയും എൽ എൻ ജിയും എന്താണെന്ന് നോക്കാം.
എൽ എൻ ജി എന്നാൽ ദ്രവീകൃത പ്രകൃതിവാതകം തന്നെയാണ്. നിറമില്ലാത്തതും വിഷരഹിതവുമായ ഒരു വാതകമാണിത്. -162 ഡിഗ്രി സെൽഷ്യഷിൽ തണുപ്പിക്കുന്നതിനാൽ കൈകാര്യം ചെയ്യാനുള്ള സ്ഥലം എൽ പി ജിയെക്കാൾ കുറച്ചുമതി. അതിനാൽ ഷിപ്പിംഗിനും ചെലവ് കുറച്ചുമതിയാകും. തണുപ്പിക്കുന്നതിലൂടെ വാതകം അതിന്റെ യഥാർത്ഥ അളവിന്റെ ആറിലൊന്നായി ചുരുങ്ങും. അതിനാൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ലോഡ് ചെയ്യാൻ സഹായിക്കും. ഇപ്പോൾ വ്യക്തമായില്ലേ ചെലവ് എങ്ങനെ കുറയുന്നു എന്ന്. സൂപ്പർകൂൾ ചെയ്തുകൊണ്ടുവരുന്ന ഗ്യാസ് തുറമുഖത്ത് എത്തിച്ച് പൈപ്പ് ലൈനുകൾവഴി (പി എൻ ജി -പൈപ്പ്ഡ് നാച്യുറൽ ഗ്യാസ്) എളുപ്പത്തിൽ വിതരണം ചെയ്യാൻ കഴിയും. പവർ പ്ലാൻ്റുകൾ, ഫാക്ടറികൾ, വ്യവസായ ശാലകളിലെ വൻ ബോയിലറുകൾ തുടങ്ങിയവയ്ക്കാണ് കൂടുതലും ഇത് ഉപയോഗിക്കുന്നത്.
അടുത്ത വർഷത്തോടെ രാജ്യത്ത് എൻ എൻ ജിയുടെ ഉല്പാദനം കൂടുതലാകുമെന്നാണ് കരുതുന്നത്. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഗ്യാസ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽ എൻ ജി എത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലും എൽ എൻ ജി ഉപല്പാപ്പിക്കുന്നുണ്ട്.
2023ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വാതക ഉല്പാദനം 36.4 ബില്യൺ ക്യുബിക് മീറ്ററിലെത്തിയിരുന്നു. ഇന്ത്യയുടെ മൊത്തം വാതക ആവശ്യത്തിന്റെ പകുതിയോളം മാത്രമേ വരൂ. ശേഷിക്കുന്നത് ഇറക്കുമതി ചെയ്യുന്നു. കൃഷ്ണ ഗോദാവരി തടത്തിലാണ് വാതക ഉല്പാദനം കൂടുതലും നടക്കുന്നത്.ഇവിടെ ഉല്പാദിപ്പിക്കുന്നത് തികയാതെ വന്നതോടെയാണ് ഇറക്കുമതി ചെയ്യുന്നത്. 50 മുതൽ 65 ശതമാനംവരെയാണ് എൽ എൻ ജി ഇറക്കുമതി ചെയ്യുന്നത്.
പി എൻ ജി
ഡെലിവറിച്ചെലവ് പരമാവധി കുറയ്ക്കാം.ഇത് ഉപഭോക്താളുടെ പോക്കറ്റും കാലിയാക്കുന്നില്ല. മാത്രമല്ല ഉപയോഗിക്കുന്ന ഗ്യാസിന് മാത്രം പണം നൽകിയാൽ മതിയാവും. ഇടയ്ക്കിടെയുള്ള വിലക്കയറ്റവും ഉണ്ടാവില്ല. പക്ഷേ, രാജ്യത്ത് എല്ലായിടത്തും ഇത് നടപ്പിലായിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം. പൈപ്പ് ലൈനുകൾ കൂടുതൽ സ്ഥാപിച്ച് കൂടുതൽ ഇടങ്ങളിലേക്ക് പി എൻ ജി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പൂർത്തിയാക്കുന്നതോടെ ഗ്യാസ് ഏജൻസികളും സിലിണ്ടറും പൂർണമായും അപ്രത്യക്ഷമാകും.