നിങ്ങളുടെ കയ്യിലുള്ളത് മോഷ്‌ടിക്കപ്പെട്ട കിറ്റ്‌കാറ്റാണോ? കണ്ടെത്താൻ പുറകിലുള്ള ഈ നമ്പറുകൾ നോക്കൂ
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്‌കാറ്റ് കള്ളന്മാർ കൊണ്ടുപോയ വിവരം പുറംലോകമറിയുന്നത്. മദ്ധ്യ ഇറ്റലിയിലെ ഉൽപ്പാദനകേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് മോഷണംപോയത്. മോഷണത്തെക്കുറിച്ച് നെസ്‌ലെ കമ്പനി തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ നെസ്‌ലേക്ക് മറുപടിയായി വിവിധ ബ്രാൻഡുകൾ തമാശ രൂപേണയുള്ള ഔദ്യോഗിക പ്രസ്‌താവനകൾ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നെസ്‌ലേ.
'മറ്റ് ഔദ്യോഗിക പ്രസ്താവനകളോടുള്ള പ്രതികരണമായുള്ള ഔദ്യോഗിക പ്രസ്താവന' എന്ന തലക്കെട്ടിലാണ് കമ്പനി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നഷ്‌ടപ്പെട്ട കിറ്റ്‌കാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതിനായിട്ടുകൂടിയാണ് ഈ കുറിപ്പ്.
'നഷ്‌ടപ്പെട്ട കിറ്റ്‌കാറ്റിന്റെ കാര്യത്തിലുള്ള നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി. എന്നാൽ, വ്യക്തതയ്‌ക്കായി പറയുകയാണ്. ഇത് ഒരു സ്റ്റണ്ടോ ഏപ്രിൽ ഫൂൾ തമാശയോ അല്ല. 12 ടൺ കിറ്റ്‌കേറ്റുകൾ മോഷണം പോയത് സത്യമാണ്. അതെവിടെ പോയെന്ന് ഞങ്ങൾക്ക് അറിയണം. അതിനായി ഞങ്ങളൊരു 'സ്റ്റോളൻ കിറ്റ്‌കാറ്റ് ട്രാക്കർ' ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിങ്ങളുടെ കയ്യിലുള്ള കിറ്റ്‌കാറ്റ് മോഷ്‌ടിക്കപ്പെട്ട കൂട്ടത്തിൽപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ നിങ്ങളെ സഹായിക്കും' - എന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.
അക്കൗണ്ട് ബയോയിൽ ഇതിനായുള്ള ലിങ്കുണ്ട്. അത് തുറന്ന് സ്റ്റോളൻ കിറ്റ്‌കാറ്റ് ട്രാക്കർ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്‌താൽ റേസ് കാർ ആകൃതിയിലുള്ള ചോക്ലേറ്റിന്റെ ഒരു സാമ്പിൾ ചിത്രം കാണാം. കഴിഞ്ഞ വർഷം കിറ്റ്കാറ്റ് ഔദ്യോഗിക F1 ചോക്ലേറ്റ് പങ്കാളിയായതിന് ശേഷം പുറത്തിറക്കിയ ബ്രാൻഡിന്റെ പുതിയ ഫോർമുല വൺ ശേഖരത്തിന്റെ ഭാഗമാണിത്. '413,793 കിറ്റ് കാറ്റുകൾ മോഷ്ടിക്കപ്പെട്ടു. നിങ്ങളുടെ കിറ്റ്കാറ്റിന്റെ പിൻവശത്തെ എട്ടക്ക ബാച്ച് നമ്പർ നോക്കുക'- എന്നാണ് അതിൽ എഴുതിയിട്ടുള്ളത്. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കിറ്റ്കാറ്റിന്റെ ബാച്ച് കോഡ് ഫോമിൽ ടൈപ്പ് ചെയ്ത് നൽകാം.