കണ്ണൂരിൽ നടിയുടെ വീട്ടിൽ യുവാവ് എത്തിയത് പുതുപുത്തൻ സാരിയുമായി, കല്യാണം കഴിച്ചേ പറ്റൂ എന്ന് ആവശ്യം
കണ്ണൂർ: സാരിയുമായി പ്രമുഖ സിനിമാതാരത്തിന്റെ വീട്ടിലെത്തിയ യുവാവ് അവരെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. കടയിൽ നിന്ന് അല്പം മുമ്പ് വാങ്ങിയ പുതുപുത്തൻ സാരിയുമായാണ് ഇയാൾ സിനിമാനടിയുടെ വീട്ടിൽ എത്തിയതെന്നാണ് റിപ്പോർട്ട്. തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടിൽ എത്തിയത്
കഴിഞ്ഞദിസവം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. നടിയുടെ വീട്ടിലെത്തിയ അഭിലാഷ് സാരി ഉയർത്തിക്കാണിച്ച് വിവാഹം കഴിക്കണമെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇതുകേട്ട് നടിയും കുടുംബവും ഭയന്നുപോയി. ഉടൻതന്നെ വീട്ടിൽ കയറി വാതിലടച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇയാൾ നേരത്തേയും നടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് അശ്ലീല സന്ദേശം അയച്ചതായും പരാതിയിൽ പറയുന്നു. അഭിലാഷ് ജോർജിനെ പിടികൂടിയെങ്കിലും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.