‌ഡി.‌ജെ പാർട്ടിക്കിടെ ബാറിൽ സംഘർഷം

Friday 03 April 2026 1:07 AM IST

കൊച്ചി: എറണാകുളം നഗരത്തിലെ പ്രമുഖ ആഡംബര ഹോട്ടലിലെ ബാർ റെസ്റ്റോറന്റിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെടെ 4 പേർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ഡി.ജെ പാർട്ടിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 15,000 രൂപയുടെ മദ്യവും 10,000 രൂപയുടെ ക്രിസ്റ്റൽ ഗ്ലാസുകളും 50,000 രൂപയുടെ ടേബിൾ സോഫാ സെറ്റും തകർന്നു. ‌‌മദ്യം കഴിച്ചു കൊണ്ടിരുന്ന രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. ബാറിലെ ബൗൺസർമാർ ഇടപെട്ടപ്പോൾ അവർക്ക് നേരെയും കൈയേറ്റമുണ്ടായി. കടവന്ത്ര എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോഴേക്കും ഏറ്റുമുട്ടിയ സംഘങ്ങൾ കടന്നു. കഴിഞ്ഞദിവസം ബാറിന്റെ മാനേജർ നൽകിയ പരാതിയിലാണ് തിരിച്ചറിയാവുന്ന നാലു പേരെ പ്രതികളാക്കി കേസെടുത്തത്.