കാട്ടാക്കടയിൽ കനത്ത പോര്
തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോൾ സിറ്റിംഗ് എം.എൽ.എയായ ഐ.ബി. സതീഷിലൂടെ മണ്ഡലം നിലനിറുത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.
എന്നാൽ രണ്ടു തവണയായി കൈവിട്ടുപോയ മണ്ഡലം തിരികെപ്പിടിക്കാനായി ജനകീയ മുഖമായ എം. ആർ. ബൈജുവിനെ രംഗത്തിറക്കിയാണ് യു.ഡി.എഫ് മത്സരം കടുപ്പിക്കുന്നത്. നാലാം വട്ടവും തുടർച്ചയായി എൻ.ഡി.എ മത്സര രംഗത്തിറക്കിയത് മുതിർന്ന ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിനെയാണ്. മൂന്ന് സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ മണ്ഡലം ആർക്ക് സ്വന്തമാകുമെന്ന ചർച്ചയും ചൂടുപിടിക്കുന്നുണ്ട്.
ഉറച്ച വിശ്വാസത്തോടെ സതീഷ്
പ്രാവച്ചമ്പലം അരിക്കടമുക്കിൽ പ്രവർത്തകരുടെ അടുത്തേക്ക് ഐ.ബി.സതീഷിന്റെ പര്യടന വാഹനം എത്തിയപ്പോൾ വൈകിട്ട് അഞ്ചുമണിയായി. മണ്ഡലത്തിൽ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രചാരണം.
മുദ്രാവാക്യം വിളികളുമായി യുവാക്കളും അമ്മമാരും കുട്ടികളും ചുവന്ന ഷാളുകൾ അണിയിച്ചു. പാർട്ടി പ്രവർത്തകർ വാഴക്കുല സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു. '' വികസനം തുടരണമെങ്കിൽ മൂന്നാം തവണയും എൽ.ഡി.എഫ് വരണം. ക്ഷേമ പെൻഷൻ 3,000 ആക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനവും മണ്ഡലത്തിലെ വികസനവും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള ചെറുപ്രസംഗം. എന്നും ഒപ്പം ഉണ്ടാവുമെന്ന ഉറപ്പ് നൽകി ഇടയ്ക്കോട്ടേക്ക്. തുടർന്ന് പുല്ലുവിളയിലും മാങ്കോട്ടുകോണത്തും. സതീഷിനെ കാത്ത് ഇവിടെയെല്ലാം വൻ ജനക്കൂട്ടം.
കുശലം പറഞ്ഞ് ബൈജു
രാവിലെ 8ന് വെളിയൻകോട് നിന്നാരംഭിച്ച എം.ആർ. ബൈജുവിന്റെ പര്യടനം മഞ്ഞറമൂലയിൽ എത്തിയപ്പോൾ സമയം പന്ത്രണ്ടിനോടടുത്തു. സ്ഥാനാർത്ഥിയെ കാണാൻ നിൽക്കുന്നവരെ പേരെടുത്ത് വിളിച്ചും 'ചേട്ടാ, സഹായിക്കണേ' എന്ന അഭ്യർത്ഥനയുമായി കുശലം പറഞ്ഞാണ് വാഹനം നീങ്ങുന്നത്. സ്വീകരണപോയിന്റിൽ എത്തിയപ്പോൾ അഞ്ജു എന്ന പെൺകുട്ടി കസവ് മുണ്ടിൽ സ്വന്തമായി തയാറാക്കിയ കിരീടം ധരിപ്പിച്ചു. കോട്ടമുകളിലെത്തിയപ്പോൾ പുഷ്പവൃഷ്ടിയും പുഷ്പകിരീടവും ധരിപ്പിച്ചു. യുവാക്കൾക്ക് സ്പോർട്സ് ഹബ് അടക്കമുള്ള വികസനങ്ങൾ നടപ്പാക്കാൻ വോട്ട് നൽകി വിജയിപ്പിക്കണമെന്നും ബൈജുവിന്റെ അഭ്യർത്ഥന. തുടർന്ന് പാൽകുന്നിലേക്കും മൂലക്കോണം ,വെള്ളൂർക്കോണം എന്നിവിടങ്ങളിലേക്കും പ്രചാരണ വാഹനം നീങ്ങി.
മാറ്റം ഉറപ്പെന്ന് കൃഷ്ണദാസ് വിളവൂർക്കൽ പഞ്ചായത്തിലെ പെരുകാവിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസിന്റെ വാഹന പര്യടനം ഉച്ചയ്‌ക്ക് ശേഷം ആരംഭിച്ചത്. വിഴവൂരിൽ റോഡിൽ തിരക്കായപ്പോൾ പര്യടന വാഹനത്തിൽ നിന്ന് സ്ഥാനാർത്ഥി റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ രണ്ടുപേരെ പി.കെ.കൃഷ്ണദാസ് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.