കഞ്ഞിക്കുഴിയിൽ മാമ്പഴോത്സവം; നാടൻ മാങ്ങകൾക്ക് വൻ ആവശ്യകത

Friday 03 April 2026 3:09 AM IST

മുഹമ്മ: വേനൽ ചൂട് കടുത്തതോടെ നാടൻ മാങ്ങകൾക്ക് വൻ ആവശ്യകതയുണ്ടായിരിക്കെ, കഞ്ഞിക്കുഴിയിൽ കർഷകൻ സാനു മോൻ ആരംഭിച്ച മാമ്പഴോത്സവം ശ്രദ്ധേയമാകുന്നു. മൂപ്പെത്തിയ മാങ്ങകൾ വിഷരഹിതമായി പരമ്പരാഗത രീതിയിൽ പഴുപ്പിച്ച് വിൽപ്പനയ്ക്കെത്തിക്കുന്നതിനാൽ ഇവ “ചൂടപ്പം പോലെ” വിറ്റുപോകുന്നതായി സംഘാടകർ പറയുന്നു.

ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ എന്നിവർ പങ്കെടുത്തു.

കഞ്ഞിക്കുഴിയിലെ ചൊരിമണൽ പ്രദേശങ്ങളിൽ ഈ വർഷം നാടൻ മാവുകൾ മികച്ച വിളവാണ് നൽകിയിരിക്കുന്നത്. കിളിച്ചുണ്ടൻ, മൂവാണ്ടൻ, വൈലാപ്പ്, ചന്ദ്രക്കാരൻ തുടങ്ങിയ അന്യംനിന്നുപോകുന്ന പരമ്പരാഗത ഇനങ്ങൾ ധാരാളമായി ലഭ്യമാണ്. നാട്ടിൻ പുറങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാങ്ങകൾ പരമ്പരാഗത രീതിയിൽ പഴുപ്പിച്ചാണ് വിൽപ്പന. ദേശീയ പാതയിലെ തിരുവിഴ ജംഗ്ഷനിൽ തുറന്ന രണ്ട് വിപണന കേന്ദ്രങ്ങളിലൂടെയാണ് സാനു മോൻ മാങ്ങകൾ വിപണനം നടത്തുന്നത്. കൂടാതെ വാഴപ്പിണ്ടി, വാഴക്കൂമ്പ്, നാടൻ പഴങ്ങൾ എന്നിവയും ഇവിടെ ന്യായമായ വിലയിൽ ലഭ്യമാണ്.