പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്ജം

Thursday 02 April 2026 10:10 PM IST

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ (പി.വി.സി) സജ്ജമായി. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യാനാണ് സംവിധാനം. കെ.എസ്.ആർ.ടി.സി, തപാൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, വാട്ടർ ട്രാൻസ്‌പോർട്ട്, റെയിൽവേ, തുടങ്ങി അവശ്യ സർവീസുകളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് സൗകര്യം ഉപയോഗിക്കാം. 12ഡി നൽകിയ മാദ്ധ്യമ പ്രവർത്തകർക്കും സൗകര്യം ഉപയോഗപ്പെടുത്താം. അഞ്ചാം തീയതി വരെതാണ് വോട്ട് രേഖപ്പെടുത്താവുന്നത്.

വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും ഇലക്ഷൻ തിരിച്ചറിയൽ കാർഡ് (എപ്പിക്) കാർഡോ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച മറ്റ് സാധുവായ തിരിച്ചറിയൽ രേഖകളോ കരുതണം. ഫോം 12ൽ അപേക്ഷ നൽകിയ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി എസ്.ഡി കോളേജിൽ ജില്ലാതലത്തിലുള്ള ഡെസിഗ്‌നേറ്റഡ് വി.എഫ്.സി (വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ) പ്രവർത്തിക്കും. ജില്ലാതല ഉദ്യോഗസ്ഥർ, റിട്ടേണിംഗ് ഓഫീസർമാർ, അസി.റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങി പോളിംഗ് ഡ്യൂട്ടിയല്ലാത്ത തിരഞ്ഞെടുപ്പ് ജോലികളിൽ നിയുക്തരായവർക്ക് ഇവിടെ വോട്ട് ചെയ്യാം. ഇവർക്കായി 6, 7 തീയതികളിലാണ് വോട്ടിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) കേന്ദ്രങ്ങളിലാണ് വോട്ടിംഗ് സൗകര്യം.

ഓരോ മണ്ഡലങ്ങളിലെയും പി.വി.സി കേന്ദ്രങ്ങൾ അരൂർ – പള്ളിപ്പുറം എൻ.എസ്.എസ് കോളേജ് ചേർത്തല –ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ആലപ്പുഴ – ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസ് ഫോർ ഗേൾസ് അമ്പലപ്പുഴ – ആലപ്പുഴ എസ്.ഡി കോളേജ് കുട്ടനാട് – ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിപ്പാട് – ഹരിപ്പാട് ഗവ ബോയ്‌സ് എച്ച്.എസ്.എസ് കായംകുളം – കായംകുളം എം.എസ്.എം കോളേജ് മാവേലിക്കര – മാവേലിക്കര ബിഷപ്മൂർ കോളേജ് ചെങ്ങന്നൂർ – ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്