മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് കളഞ്ഞു കുളിച്ച പോലെയായി, മുൻപേ അറിഞ്ഞിട്ടും അനങ്ങിയില്ല, ഫലം വരും മുമ്പേ ബി.ജെ.പിയിൽ മുറുമുറുപ്പ്

Wednesday 23 October 2019 2:07 PM IST

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ സംസ്ഥാന ബി.ജെ.പിയിൽ മുറുമുറുപ്പ് തുടങ്ങി. അഞ്ച് മണ്ഡലങ്ങളിൽ മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ഉറച്ച വിജയസാദ്ധ്യതയുണ്ടായിട്ടും നേതൃത്വം അത് കളഞ്ഞുകുളിച്ച പോലെയായെന്നാണ് അണികളുടെയും രണ്ടാംനിര നേതൃത്വത്തിന്റെയും പരാതി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് തന്നെ നാലു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയാമായിരുന്നു. മ‌ഞ്ചേശ്വരത്തും ഇതു തന്നെയായിരുന്നു സ്ഥിതി. എന്നാൽ, ഇതിനായി യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നാണ് നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ ഈ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചില്ലെങ്കിൽ അത് സംഘടനാപരമായ വീഴ്ച കൊണ്ടു മാത്രമായിരിക്കും എന്നാണ് വിമർശനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മണ്ഡലങ്ങളിൽ സംഘടനാ പ്രവർത്തനം സജീവമാക്കാൻ നേതൃത്വം ഒന്നും ചെയ്തില്ല. സ്ഥാനാർത്ഥി നിർണയം പോലും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസത്തിന്റെ തലേന്നാണ് നടത്തിയത്. അഞ്ച് മാസം മുമ്പേ നടത്താവുന്ന സ്ഥാനാർത്ഥി നിർണയം അവസാന തീയതിയുടെ തലേദിവസം വരെ നീട്ടിക്കൊണ്ടുപോയത് വിജയസാദ്ധ്യതയെ ബാധിച്ചതായും നേതാക്കൾ വിമർശിക്കുന്നു. രണ്ടു മുന്നണികളും അഞ്ച് മണ്ഡലങ്ങളിലും പുതിയ വോട്ടർമാരെ ചേർത്തപ്പോൾ ബി.ജെ.പി നേതാക്കൾക്ക് ഇക്കാര്യത്തിലൊന്നും താല്പര്യമില്ലായിരുന്നു എന്നാണ് മറ്റൊരു വിമർശനം. ഉപതിരഞ്ഞടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും മാസങ്ങളായി സംഘടനാ പ്രവർത്തനം സജീവമായിരുന്നില്ല. ബൂത്ത് , പഞ്ചായത്ത്, നിയോജക മണ്ഡലം തലത്തിൽ പോലും ഒരു പരിപാടിയും നടന്നിരുന്നില്ലെന്നും നേതാക്കൾ ആക്ഷേപമുയർത്തുന്നു.

തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെങ്കിലും സജീവമായ സംഘടനാ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ വിജയം ഉറപ്പാക്കാമായിരുന്നു എന്നും നേതാക്കൾ വിലയിരുത്തുന്നു. കഴിഞ്ഞ തവണ 89 വോട്ടിന് മാത്രം തോറ്ര മഞ്ചേശ്വരം മണ്ഡലത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഇവിടെ സ്ഥാനാർത്ഥി നിർണയത്തിലും ആക്ഷേപമുണ്ടായിരുന്നു. സ്ഥാനാർത്ഥിയെ നേതൃത്വം അടിച്ചേല്പിച്ചു എന്നാണ് അണികളുടെ ആരോപണം. അരൂരിലും സ്ഥാനാർത്ഥിയെ പുറത്തു നിന്നു കെട്ടിയിറിക്കുകയായിരുന്നു. എറണാകുളത്തെ സ്ഥാനാർത്ഥിയോട് നേരത്തെ തന്നെ മണ്ഡലം ശ്രദ്ധിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിൽ ഇലക്ഷൻ മുൻകൂട്ടികണ്ടുള്ള പ്രവർത്തനം നടത്താമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 46,000ലധികം വോട്ട് നേടിയ കോന്നിയിൽ പാർട്ടി സംഘടനാ മെഷിനറി പൂർണമായും നിർജീവമായിരുന്നു. ഇവിടെ 70 ശതമാനം ബൂത്തുകളിൽ മാത്രമാണ് അവസാന റൗണ്ട‌ിലെങ്കിലും പ്രവർത്തനം നടന്നത്. പുറത്തു നിന്നുള്ള പ്രവർത്തകരാണ് ഇവിടെ അവസാന നിമിഷം പ്രവർത്തനത്തിനെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രവർത്തനം കാഴ്ച വച്ച വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രവർത്തനത്തെക്കുറിച്ചും പാർട്ടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. മണ്ഡലങ്ങളിൽ ചുമതലക്കാരായി നിശ്ചയിച്ച നേതാക്കളിൽ പലരും നാലോ അഞ്ചോ തവണ മുഖം കാണിച്ച ശേഷം സ്വന്തം മാളങ്ങളിലേക്ക് കുതിച്ചു എന്നാണ് ആരോപണം. അതേസമയം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയാവാൻ സാദ്ധ്യതയുള്ളവരോട് മണ്‌ഡലത്തിൽ നേരത്തെ മുതൽ സജീവമായി ഇടപെടാൻ നിർദ്ദേശിച്ചിരുന്നെങ്കിൽ ഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങളിലും പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ ദുർബലമായിരുന്നു എന്നും ചില നേതാക്കൾ വിമർശനം ഉയർത്തുന്നു.

മണ്ഡലങ്ങളെ സംബന്ധിച്ചിടത്തോളം ലോക്സഭാ തിരഞ്ഞടുപ്പിനുശേഷം അടുത്ത തിര‌ഞ്ഞെടുപ്പിൽ പ്രത്യക്ഷപ്പെടുന്ന പാർട്ടിയായി ചിത്രീകരിക്കാനും എതിരാളികൾക്ക് കഴിഞ്ഞു. നേതൃത്വത്തിന്റെ വിവാദ പ്രസ്താവനകളും ബി.ജെ.പി ക്ക് ദോഷമായെന്ന് അണികളും നേതാക്കളും കുറ്രപ്പെടുത്തുന്നു. ശബരിമല നിയമനിർമ്മാണം ബി.ജെ.പിയുടെ അജണ്ടയിലില്ലെന്ന് പ്രമുഖ നേതാവ് തന്നെ പറഞ്ഞത് പാർട്ടിയുടെ വിശ്വാസ്യത തകർത്തെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.