ചരിത്രം ആവർത്തിക്കാൻ എൽ.ഡി.എഫ്; തിരുത്താൻ യു.ഡി.എഫ്

Friday 03 April 2026 12:18 AM IST
എം. വിജിൻ

കണ്ണൂർ: കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ അഗ്നിനാളങ്ങൾ കത്തിജ്വലിച്ച മണ്ണ്, ഇന്നും സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച കോട്ടകളിലൊന്നാണ്. 2008ൽ മണ്ഡലം പുനർനിർണ്ണയത്തിൽ പിറവിയെടുത്ത കല്യാശ്ശേരി നിയോജകമണ്ഡലം, രൂപീകൃതമായ നാൾ മുതൽ ഒരിക്കലും ഇടതുകൊടി താഴ്ത്തിക്കെട്ടിയിട്ടില്ല. മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, കടന്നപ്പള്ളി-പാണപ്പുഴ, പട്ടുവം, കുഞ്ഞിമംഗലം എന്നീ പത്ത് ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന കല്യാശ്ശേരി, കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പത്തിൽ എട്ടു പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണത്തിലാണ്. തീരദേശ പഞ്ചായത്തുകളായ മാടായിയും മാട്ടൂലും മാത്രമാണ് യു.ഡി.എഫ് ഇടങ്ങൾ. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴോം പഞ്ചായത്തിൽ രണ്ടു വാർഡുകൾ യു.ഡി.എഫ് കൈക്കലാക്കിയത് ഒഴിച്ചാൽ, മറ്റു പഞ്ചായത്തുകാൾ ഇടതിന്റെ ഉറച്ച പ്രദേശമായി തന്നെ തുടരുന്നു.

2011ൽ കന്നി മത്സരത്തിൽ ടി.വി. രാജേഷ് 29,946 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2016ൽ വീണ്ടും മത്സരിച്ചപ്പോൾ ആ ഭൂരിപക്ഷം 42,891 ആയി ഉയർന്നു. 2021ൽ എം. വിജിൻ 88,252 വോട്ടുകൾ നേടി 44,393ന്റെ ഭൂരിപക്ഷത്തോടെ ജയിച്ചു. എന്നാൽ, 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചിത്രം ഞെട്ടിക്കുന്നതായിരുന്നു. 2019ൽ 13,694 ആയിരുന്ന എൽ.ഡി.എഫ് ലീഡ് 1,058 ആയി ഇടിഞ്ഞു. ബി.ജെ.പി 17,688 വോട്ടുകൾ നേടി. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ 16,781ന്റെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് ശക്തി നിലനിർത്തി.

എം. വിജിൻ (എൽ.ഡി.എഫ്) ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കളരികളിലൂടെ വളർന്ന എം. വിജിൻ നിലവിലെ എം.എൽ.എയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന ദേശീയ നേതൃത്വ പദവികൾ വഹിച്ചു.

രാജീവൻ കപ്പച്ചേരി (യു.ഡി.എഫ്) ഡി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനും. കോഴിക്കോട് സർവകലാശാല യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, പട്ടുവം പഞ്ചായത്ത് അംഗം എന്നീ പദവികൾ വഹിച്ചു. 'മികച്ച മാതൃക പഞ്ചായത്ത് അംഗ' പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

എ.വി. സനിൽ (എൻ.ഡി.എ)

കോൺഗ്രസ് പശ്ചാത്തലമുള്ള എ.വി. സനിൽ കുമാർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. രണ്ടു വർഷം മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയുടെ ഭാഗമായി. ഇപ്പോൾ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റാണ്.

പുരുഷൻ: 97,648, സ്ത്രീ : 1,06,147, ട്രാൻസ്ജൻഡർ: ഒന്ന് , പ്രവാസി: 9047

2021

ആകെ വോട്ടർമാർ 1,85,582 പോൾ ചെയ്തത് 1,45,585 ശതമാനം : 78.44 എം. വിജിൻ (എൽ.ഡി.എഫ്) 8,8252 ബ്രിജേഷ് കുമാർ കുമാർ (യു.ഡി.എഫ്) 43,859 അരുൺ കൈതപ്രം (എൻ.ഡി.എ): 11,365

ഭൂരിപക്ഷം: 44,393

2024 ലോക്സഭ

എൽ.ഡി.എഫ്. ഭൂരിപക്ഷം 1,058

2025 തദ്ദേശം

എൽ.ഡി.എഫ്. ഭൂരിപക്ഷം 16,781