തോൽവി ഉറപ്പായ സി.പി.എം പഴയ കള്ളവോട്ട് തന്ത്രം പൊടി തട്ടിയെടുക്കുന്നു: കെ.സി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ സി.പി.എം പഴയ തന്ത്രങ്ങൾ പൊടിതട്ടിയെടുക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെ പയ്യന്നൂരിൽ കള്ളവോട്ടിന് വേണ്ടി വ്യാജ ആധാർ കാർഡ് നിർമാണം നടക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. ഇതിന്റെ തെളിവുകളാണ് പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും പുറത്തു വരുന്നത്. പയ്യന്നൂരിൽ സി.പി.എമ്മിന്റ ഓഫീസിലാണ് ഇത് നടക്കുന്നത്. കല്യാശേരിയിലെ നിരവധി വോട്ടുകൾ പയ്യന്നൂരിലും ചേർത്ത് ഇരട്ടിവോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇരട്ട വോട്ടുകൾക്ക് വ്യാജ ആധാർ കാർഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് ഇലക്ഷൻ കമ്മിഷന് സ്ഥാനാർത്ഥി പരാതി നൽകിയിട്ടുണ്ട്. കമ്മിഷൻ ഇക്കാര്യം ഗൗരവതരമായി കാണണമെന്നും കെ.സി പറഞ്ഞു. എന്തെല്ലാം തന്ത്രങ്ങൾ ഉപയോഗിച്ചാലും എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ല. ജനങ്ങളും യഥാർഥ കമ്യൂണിസ്റ്റുകാരും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാർ പോലും അവർക്ക് വോട്ട് ചെയ്യില്ലെന്ന് സി.പി.എം ഭയപ്പെടുകയാണ്. ജി. സുധാകരന്റെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം ഒന്നു കണ്ണാടിയിൽ നോക്കണം. മതേതര സ്വഭാവം കാത്തുസൂക്ഷിച്ചിട്ടുള്ള വ്യക്തിയായ ജി. സുധാകരനെപ്പോലും സി.പി.എം വർഗീയവാദിയായി ചിത്രീകരിക്കുന്നത് ഖേദകരമാണ്. വയനാട്ടിലെ പാർട്ടിയുടെ പിരിവ് സംബന്ധിച്ച എല്ലാ കണക്കും കോൺഗ്രസിന്റെ കൈയിലുണ്ട്. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് കട്ടവരാണ് കോൺഗ്രസിനെതിരെ വ്യാജ ആരോപണമുന്നയിക്കുന്നത്. കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതിൽ പിണറായി സർക്കാർ കോടികളുടെ അഴിമതി നടത്തിയ വിവരം പുറത്തുവന്നിരിക്കുകയാണ്. അതൊന്നും ആരും ചോദിക്കാത്തത് എന്താണ്? ചോദ്യം ചോദിക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കൊല്ലത്ത് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകനെ സൈബറിടത്തിലും പുറത്തും സി.പി.എം വേട്ടയാടുകയാണെന്നും വേണുഗോപാൽ പറഞ്ഞു.