ശിക്ഷാ ഇളവ് നൽകൽ മന്ത്രിസഭാതീരുമാനം ഗവർണർ നടപ്പാക്കണം മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാനവിധി

Friday 03 April 2026 12:41 AM IST

ന്യൂഡൽഹി: തടവുകാരുടെ ശിക്ഷാ ഇളവ്, ശിക്ഷാ കാലാവധി തീരും മുൻപ് മോചനം എന്നിവയിൽ മന്ത്രിസഭയുടെ തീരുമാനത്തിന് അനുമതി നൽകാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ, ഗവർണർക്ക് മന്ത്രിസഭാ തീരുമാനത്തിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ കഴിയില്ല.

ഗവർണറുടെ താത്പര്യത്തിന് അനുകൂലമല്ലെങ്കിലും തീരുമാനം അംഗീകരിക്കണം. ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എ.ഡി. ജഗദീഷ് ചന്ദ്ര, ജി.കെ. ഇളന്തിരയ്യൻ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

ഗവർണർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സുപ്രീകോടതി വിധിയുള്ളതും ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റവാളികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനം ഗവർണർ നിരസിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

മന്ത്രിസഭ പ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാൻ അധികാരമുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നേരത്തേ വിധിച്ചിരുന്നു. ഇത് ഏത് സാഹചര്യത്തിലാണെന്ന് ഹൈക്കോടതി പരിശോധിച്ചു. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ട ഘട്ടത്തിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാൻ കഴിയുമോ എന്നാതായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്. മന്ത്രിസഭയുടെ നിലപാട് പക്ഷപാതപരമാകാൻ ഇടയുള്ളതിനാൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇതാണ് മധുര ബെഞ്ച് ആധാരമാക്കിയത്. പക്ഷേ, ഈ കേസിൽ ഇതു ബാധകമല്ല.