തലസ്ഥാനത്തെ ദേവാലയങ്ങളിൽ ഭക്തിനിർഭരമായി പെസഹ ദിനാചരണം

Friday 03 April 2026 1:48 PM IST

തിരുവനന്തപുരം: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി തിരുവനന്തപുരത്തെ ദേവാലയങ്ങളിൽ പെസഹ ദിനാചരണം ഭക്തിനിർഭരമായി നടന്നു.നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു.

പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിലാണ് പ്രധാന ശുശ്രൂഷകൾ നടന്നത്.വൈകിട്ട് നടന്ന തിരുവത്താഴ ദിവ്യബലി,പാദക്ഷാളനം,പൗരോഹിത്യ സ്ഥാപന അനുസ്മരണം എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.ഇവിടെ രാത്രി 8 മുതൽ 12വരെ ആരാധനയും ക്രമീകരിച്ചിരുന്നു.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഉച്ചയ്ക്ക് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ പാദക്ഷാളന ശുശ്രൂഷയും പെസഹ കുർബാനയും നടന്നു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ വൈകിട്ട് തിരുവത്താഴ ദിവ്യബലി നടന്നു.പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലും പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിലും നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും പുലർച്ചെ തന്നെ പെസഹ കുർബാനകൾ പൂർത്തിയായിരുന്നു.

നന്തൻകോട് ജറുസലേം മാർത്തോമ്മാ പള്ളി,പാറ്റൂർ സെന്റ് ഇഗ്നേഷ്യസ്‌ ക്നാനായ ദേവാലയം,കോട്ടൺഹിൽ കാർമ്മൽഹിൽ ആശ്രമ ദേവാലയം,തൈക്കാട് സ്വർഗാരോപിത മാതാ ദേവാലയം,വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയം എന്നിവിടങ്ങളിൽ വൈകിട്ടോടെ പാദക്ഷാളന ശുശ്രൂഷകളും പെസഹാ ദിവ്യബലിയും നടന്നു.

പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ ഉച്ചവരെ ആരാധന ഉണ്ടായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ദേവാലയങ്ങളിൽ പീഡാനുഭവ അനുസ്മരണവും കുരിശിന്റെ വഴിയും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് രാവിലെ മുതൽ വിവിധ ദേവാലയങ്ങളിൽ കുരിശാരാധനയും കബറടക്ക ശുശ്രൂഷകളും നടക്കും.പാളയം കത്തീഡ്രലിൽ ഇന്ന് വൈകിട്ട് പീഡാനുഭവ അനുസ്മരണത്തിന് ശേഷം തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരിക്കും.ശനിയാഴ്ച രാത്രിയോടെ ഈസ്റ്റർ ജാഗര ശുശ്രൂഷകൾ ആരംഭിക്കും.ഞായറാഴ്ച പുലർച്ചെ വിവിധ പള്ളികളിൽ ഉയിർപ്പ് പ്രഖ്യാപനവും പ്രത്യേക ദിവ്യബലിയും നടക്കും.