തെരുവ്നായ ഭീതിയിൽ ബാലരാമപുരം

Friday 03 April 2026 11:55 PM IST

ബാലരാമപുരം: ബാലരാമപുരത്ത് തെരുവ്നായ ശല്യം രൂക്ഷമാകുന്നു. ബാലരാമപുരം കൊടിനട കച്ചേരിക്കുളം മാലിന്യസങ്കേതം,​പഴയലെയിൻ കവല,​തേമ്പാമുട്ടം റെയിൽവേക്രോസ് ജംഗ്ഷൻ,​സാമൂഹികാരോഗ്യകേന്ദ്രം,​മണലി ലെയിൻ,​ ഐത്തിയൂർ,​ഹൗസിംഗ് ബോർഡ് ജംഗ്ഷൻ,​പരുത്തിമഠം ലെയിൻ എന്നിവിടങ്ങളിൽ നായശല്യം വർദ്ധിച്ചുവരികയാണ്. മാലിന്യം

കുമിഞ്ഞുകൂടുന്ന ഇടങ്ങളെല്ലാം നായ്ക്കൾ കൈയേറി. അലഞ്ഞുതിരിയുന്ന നായ്ക്കളാണ് കൂടുതലും ആക്രമണക്കാരികൾ.

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഭീതിയോടെയാണ് വീടിനു പുറത്തിറങ്ങുന്നത്. വോട്ട് ചോദിച്ച് വീടുകളിലെത്തുന്ന സ്ഥാനാർത്ഥികൾക്കും നായ്ക്കൾ ഭീഷണിയാണ്. 2023ലെ നിയന്ത്രണങ്ങൾ പാലിച്ച് പേവിഷബാധ തടയാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാം. വാർഡുകളിൽ നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നായ കുറുകെ ചാടിയതിനെ തുടർന്ന് വാഹനം മറിഞ്ഞ് ബാലരാമപുരം ശ്രീപത്മനാഭ ബാറിലെ ജീവനക്കാരൻ കിരണിന്റെ മുഖം പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയമാക്കി.തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ നടപടികൾ സ്വീകരിച്ചു. കട്ടച്ചൽക്കുഴി പുത്തൻകാനം വിദ്യാഭവനിൽ ദീപു -വിദ്യാ ദമ്പതികളുടെ മകൻ ദക്ഷിതി(2)​നെ നായ്ക്കൂട്ടം ആക്രമിച്ചത് അതിദാരുണ സംഭവമായിരുന്നു. ഈ വർഷം മാർച്ചിൽ എരുമപ്പെട്ടിയിൽ വയോധിക തെരുവ് നായയുടെ കടിയേറ്റ മരിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.

കണക്കുകൾ ഇങ്ങനെ...

2024ൽ പേവിഷബാധയേറ്റ് സംസ്ഥാനത്ത് 57പേരാണ് മരിച്ചത്. 5വർഷത്തിനിടെ 120പേർ മരിച്ചിരുന്നു. 12കുട്ടികളുടെ ജീവൻ പൊലിഞ്ഞു. രാജ്യാന്തര കണക്കനുസരിച്ച് വർഷാവർഷം 10ലക്ഷത്തിൽ കുറയാതെ നായയുടെ ആക്രമണം പൊതുജനം നേരിടുന്നുണ്ട്. വിവിധ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയാണ് തെരുവ്നായ ആക്രമണത്തിൽ മരണപ്പെട്ടവരുടേയും ചികിത്സ തേടുന്നവരുടേയും കണക്ക് സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 2023ലെ തെരുവ്നായ നിയന്ത്രണ നിയമങ്ങൾ സംസ്ഥാനതലത്തിൽ കൂടുതൽ കാര്യക്ഷമമായി.തെരുവ്നായ്ക്കൾക്കായി പരിപാലനവും സംരക്ഷണവും കൂടി ഉറപ്പുവരുത്തണമെന്നാണ് മൃഗസ്നേഹികളും പറയുന്നത്. തിരുവനന്തപുരം നഗരസഭ ഇത്തരത്തിൽ നായ്ക്കൾക്കായി സങ്കേതമൊരുക്കിയിരുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

 അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടെത്തി വന്ധ്യംകരണവും പ്രതിരോധ വാക്സിനേഷനും നൽകുക

 പഞ്ചായത്ത് തലത്തിൽ സുരക്ഷിത സങ്കേതമൊരുക്കുക, ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുക

 നിയമപരമായ അവബോധം നൽകുക, മൃഗസെൻസസ് നടപ്പാക്കുക