ഉണ്ണി മുകുന്ദനെ പറ്റി വല്ലതും പറയണോ എന്ന് മമ്മൂട്ടി? രണ്ട് വാക്ക് പറയാൻ പറഞ്ഞ അവതാരകയ്‌ക്ക് കിട്ടിയത്

Wednesday 23 October 2019 3:39 PM IST

മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ ആരാധകർ ആവേശ പൂർവം കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. നവംബർ ആദ്യവാരം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ കൊച്ചിയിൽ നടന്നു. മമ്മൂട്ടിക്കൊപ്പം വൻതാരനിരയാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്. പരിപാടിക്കിടെ ചിത്രത്തെക്കുറിച്ച് സംസാരിച്ച മമ്മൂട്ടി ഉണ്ണി മുകുന്ദനെ കുറിച്ച് എന്തെങ്കിലും പറയണോ എന്ന് ചോദിച്ചു. രണ്ട് വാക്ക് പറയണമെന്നായിരുന്നു അവതാരകയുടെ മറുപടി. മെഗാ സ്റ്റാറിൽ നിന്ന് ഉടൻ തന്നെ ഉത്തരവും വന്നു, ഉണ്ണി...മുകുന്ദൻ.

സ്വാഭാവികമായി ഒന്ന് ട്രോളിയെങ്കിലും മാമാങ്കത്തിലെ നായകൻ താനല്ല ഉണ്ണി മുകുന്ദൻ തന്നെയാണെന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. ഈ പടത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഹീറോ. ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, പാട്ടുണ്ട്, ഫൈറ്റുണ്ട്. ഇതൊന്നും എനിക്കില്ല (ചിരിക്കുന്നു).

ഓർഗാനിക് ആയിട്ടുള്ള സിനിമയാണ് മാമാങ്കമെന്ന് മമ്മൂട്ടി വ്യക്തമാക്കി. സാധാരണയായി ചരിത്ര സിനിമകളിൽ കാണാറുള്ള അത്ഭുത പ്രവർത്തികളൊന്നും ഈ സിനിമയിലില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഗ്രീൻ മാറ്റുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. 15 ശതമാനത്തോളം വി.എഫ്.എക്‌സ് വർക്കുകൾ മാത്രമേ മാമാങ്കത്തിൽ ഉപയോഗിച്ചിട്ടുള്ളുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.