ഇത്തവണ, വികസനത്തിരയോ, വിരുദ്ധത്തിരയോ..?
തൃശൂർ: തൃശൂർ, ഒല്ലൂർ, പുതുക്കാട്...പൊതുവെ ഇടതാഭിമുഖ്യമുള്ള ഈ മണ്ഡലങ്ങളിൽ ഇക്കുറി പോരാട്ടം വേറെ ലെവലാണ്. കഴിഞ്ഞ തവണ തൃശൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് എൽ.ഡി.എഫ് വിജയിച്ചതെങ്കിൽ ഒല്ലൂരും പുതുക്കാടും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ഈ സമവാക്യങ്ങൾ മാറിമറിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2021ലേത് പോലെ തന്നെ തൃശൂരിൽ ഇക്കുറിയും ത്രികോണപ്പോരാണ്. ഒല്ലൂരിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പോരാട്ടമാകുമെന്നാണ് വിലയിരുത്തൽ. അതേ സമയം പുതുക്കാട് മൂന്ന് മുന്നണികളും കച്ചകെട്ടി രംഗത്തുണ്ട്.
പ്രവചനാതീതം തൃശൂർ
കഴിഞ്ഞ തവണ 946 വോട്ടിന് ജയിച്ച എൽ.ഡി.എഫ് സിറ്റിംഗ് എം.എൽ.എയെ മാറ്റി മറ്റൊരാളെ പരീക്ഷിക്കുമ്പോൾ ഇത്തവണ തൃശൂർ ആർക്കൊപ്പം നിൽക്കുമെന്നത് കണ്ടറിയണം. ബാലചന്ദ്രന് പകരം ആലങ്കോട് ലീലാകൃഷ്ണനെ രംഗത്തിറക്കിയത് നേട്ടമാകുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിശ്വാസം. അതേസമയം, മുൻ മേയർ രാജൻ പല്ലനിലൂടെ സീറ്റ് പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ യു.ഡി.എഫ് പക്ഷത്ത് നിന്ന് സുരേഷ് ഗോപിക്കും പി.ബാലചന്ദ്രനുമെതിരെ പൊരുതിയ പത്മജ വേണുഗോപാലാണ് ഇക്കുറി എൻ.ഡി.എയ്ക്കായി രംഗത്തുള്ളത്.
മന്ത്രി മണ്ഡലം ആർക്കൊപ്പം
മന്ത്രിയെന്ന നിലയിൽ കെ.രാജൻ നടപ്പാക്കിയ വികസന പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ഒല്ലൂർ പിടിക്കാനുള്ള എൽ.ഡി.എഫിന്റെ പ്രചാരണം. സുവോളജിക്കൽ പാർക്കും റോഡും പട്ടയവുമെല്ലാം പ്രചാരണായുധമാണ്. എന്നാൽ ഒല്ലൂരിന്റെ ഉള്ളറകളിലേക്ക് വികസനമെത്തിയിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്ത് ജനങ്ങൾക്ക് മുന്നിൽ സമർത്ഥിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂരിൽ സുരേഷ് ഗോപിക്ക് ലഭിച്ച ലീഡിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബിജോയ് തോമസിന്റെ പ്രതീക്ഷ.
പുതുക്കാടിന് പ്രിയം ആരെ
മണ്ഡലത്തിൽ തന്നെയുള്ള മൂന്നുപേർ പോരിനിറങ്ങുമ്പോൾ പുതുക്കാട് ആരെ സ്വീകരിക്കുമെന്നതാണ് ചോദ്യം. മണ്ഡലം നിലവിൽ വന്നശേഷം ഇതുവരെയും എൽ.ഡി.എഫിനെ കൈവിട്ടിട്ടില്ല എന്നതാണ് പ്രത്യേകത. സിറ്റിംഗ് എം.എൽ.എ കെ.കെ.രാമചന്ദ്രനെയാണ് എൽ.ഡി.എഫ് രണ്ടാംമൂഴത്തിനിറക്കിയത്. പുതുക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളിൽ ഒന്നാണ് പുതുക്കാടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.നാഗേഷ് എടുത്തുകാട്ടുന്നു.
അടിയൊഴുക്കാകുക ഇവ...
1. ഭരണവിരുദ്ധ വികാരം/വികസന അനുകൂല വോട്ട് 2. ക്രൈസ്തവ-ഈഴവ-നായർ വോട്ടുകൾ നിർണായകം 3. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടൊഴുക്ക് 4. ന്യൂജെൻ വോട്ട്
എൽ.ഡി.എഫ് ലീഡ്
തൃശൂർ 946 ഒല്ലൂർ 21,506 പുതുക്കാട് 27,353.