വിഷുവിപണി ലക്ഷ്യം... കണിയൊരുക്കാൻ ഉണ്ണിക്കണ്ണന്മാർ റെഡി
- ദേശീയപാതയോരത്ത് കച്ചവടം തകൃതി
പുതുക്കാട്: വിഷുവിന് കണിയൊരുക്കാനുള്ള ഓട്ടുരുളിയിൽ പ്രഥമ സ്ഥാനം ഉണ്ണിക്കണ്ണന് തന്നെ. കച്ചവടക്കാർക്കും സഞ്ചാരികൾക്കും പ്രിയം ജിപ്സം പൗഡറിൽ നിർമ്മിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങളാണ്. നെല്ലായിയിൽ ബാബുലാലിന്റെ കരവിരുതിൽ പിറവിയെടുക്കുന്ന ഇത്തരം ഉണ്ണിക്കണ്ണന്മാർ ദേശീയപാതയോരത്ത് വിൽപ്പനയ്ക്കായി എത്തിത്തുടങ്ങി. 13 വർഷമായി നെല്ലായി ദേശീയപാതയോരത്ത് വാടകവീട്ടിൽ താമസിക്കുന്ന ബാബുലാലിന്റെ നിർമ്മാണ ശാലയും ഇവിടെത്തന്നെ. മൊത്തക്കച്ചവടക്കാർക്കിടയിലും ഇടത്തരം വ്യാപാരികൾക്കിടയിലും ഈ വിഗ്രഹങ്ങൾക്ക് ഡിമാൻഡേറെ. വിഷുവിപണി ലക്ഷ്യമാക്കിയുള്ള കച്ചവടം കഴിഞ്ഞാൽ ബാബുലാലും സഹപ്രവർത്തകരും രാജസ്ഥാനിൽ പോവും. രണ്ട് മാസം കഴിഞ്ഞാൽ തിരിച്ചെത്തും. പിന്നീട് നിർമ്മാണം ആരംഭിക്കും. ഗുരുവായൂർ പോലുള്ള സ്ഥലങ്ങളിലെ വിൽപ്പനശാലകളിൽ ബാബുലാലിന്റെ കൈവിരുതിൽ പിറവികൊള്ളുന്ന ശ്രീകൃഷ്ണന്മാർ സ്ഥാനം പിടിക്കും. കഴിഞ്ഞ 24 വർഷമായി ബാബുലാൽ കേരളത്തിലെത്തിയിട്ട്.
നിർമ്മാണം ഇങ്ങനെ...
ഒരടി മുതൽ നാലടി വരെ ഉയരമുള്ള ഉണ്ണിക്കണ്ണന്മാരെയാണ് നിർമ്മിക്കുന്നത്. റബർ മോൾഡിൽ പേസ്റ്റ് രൂപത്തിലാക്കിയ ജിപ്സം നിറയ്ക്കലാണ് ആദ്യ പ്രവൃത്തി. ഒരു ദിവസം കഴിഞ്ഞാൽ മോൾഡിൽ നിന്നും പുറത്തെടുക്കുന്ന രൂപങ്ങൾ വെയിൽ കൊള്ളിച്ച് ഉണക്കിയെടുക്കും. പിന്നെ പെയിന്റിംഗാണ്. പല നിറത്തിലുള്ള പെയിന്റുകൾ മനോഹരമായി ചാർത്തുന്നതോടെ ആടയാഭരണങ്ങൾ അണിഞ്ഞ ഉണ്ണിക്കണ്ണന്മാരായി. കായാമ്പൂ വർണമുള്ള രൂപങ്ങളിൽ സ്വർണാഭരണങ്ങൾ അണിഞ്ഞ ഉണ്ണിക്കണ്ണന്മാർക്കാണ് ഇത്തവണ കൂടുതൽ പ്രിയം കൂടുതൽ. 150 രൂപ മുതലാണ് വില.