ജാർഖണ്ഡിൽ അമ്മയുടെ കൊടുംക്രൂരത മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി

Friday 03 April 2026 12:43 AM IST

 മൂന്നുപേർ അറസ്റ്റിൽ

 മാനഭംഗ ശ്രമമാക്കിത്തീർക്കാൻ ശ്രമം

റാഞ്ചി: ജാർഖണ്ഡിൽ മകന്റെ അസുഖം ഇല്ലാതാകാൻ 13കാരിയായ മകളെ നരബലി നൽകി 35കാരി. ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തിലാണ് കൊടുംക്രൂരത. പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി, ഭീം റാം എന്നിവരെ അറസ്റ്റ് ചെയ്തു.

രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രശ്മി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു. അസുഖങ്ങൾ പൂർണമായും മാറണമെങ്കിൽ ഒരു കന്യകയെ ബലി നൽകണമെന്ന് ഇവർ വിശ്വസിപ്പിച്ചു. തുടർന്ന് മാർച്ച് 24 ദുർഗാഷ്ടമി രാത്രിയിൽ, ശാന്തി ദേവിയുടെ വീട്ടിൽ വച്ച് രശ്മിയും ഭീം റാമും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മന്ത്രവാദിനി പെൺകുട്ടിയുടെ സ്വകാര്യഭാഗത്തുൾപ്പെടെ മുറിവേൽപ്പിച്ചു. ഭീം റാം തലയിൽ മുറിവേൽപ്പിച്ച് രക്തം ശേഖരിച്ചു.

തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിട്ടു. ഇത് മാനഭംഗക്കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ സത്യം പുറത്തുവരികയായിരുന്നു.

ബന്ധുവിനെയും മറ്റൊരാളെയും കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് ഭീം റാം.

സ്വമേധയാ കേസെടുത്ത്

ഹൈക്കോടതി

സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

സംസ്ഥാന ഭരണകൂടത്തിനും പോലീസ് ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചു. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്

ജസ്റ്റിസ് സുജിത് നാരായൺ പ്രസാദും ജസ്റ്റിസ് സഞ്ജയ് പ്രസാദും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് നടപടി സ്വീകരിച്ചത്.