രവിവർമ്മ ചിത്രം 'യശോദയും കൃഷ്ണനും' റെക്കാഡ് തുകയ്ക്ക് വിറ്റു
മുംബയ്: രാജാ രവിവർമ്മയുടെ എണ്ണച്ചായാ ചിത്രമായ 'യശോദയും കൃഷ്ണനും" റെക്കാഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. 167.2 കോടി രൂപയ്ക്ക് (ഏകദേശം 1.8 കോടി ഡോളർ) ചിത്രത്തെ വ്യവസായിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സ്ഥാപകനുമായ ശതകോടീശ്വരൻ സൈറസ് പൂനാവാല സ്വന്തമാക്കി. ഒരു ഇന്ത്യൻ പെയിന്റിംഗിന് ലേലത്തിൽ കിട്ടുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റുപോയ എം.എഫ് ഹുസൈന്റെ 'അൺടൈറ്റിൽഡ്' എന്ന ചിത്രത്തിന്റെ റെക്കാഡ് 'യശോദയും കൃഷ്ണനും" മറികടന്നു.
ഡൽഹിയിലെ ഒരു സ്വകാര്യ ശേഖരത്തിന്റെ ഭാഗമായിരുന്ന ചിത്രത്തെ മുംബയ് ആസ്ഥാനമായ സാഫ്രോൺ ആർട്ടാണ് ലേലത്തിന് എത്തിച്ചത്. 80 കോടി മുതൽ 120 കോടി രൂപ വരെ വില ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ചിത്രം സ്വന്തമാക്കാനായത് ബഹുമതിയും കടമയുമാണെന്ന് സൈറസ് പൂനാവാല പ്രതികരിച്ചു.
ചിത്രത്തെ രാജ്യത്തിന്റെ നിധി എന്ന് വിശേഷിപ്പിച്ച അദ്ദേഹം പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു. 1890കളിലാണ് രവിവർമ്മ 'യശോദയും കൃഷ്ണനും' വരയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്. യശോദ പശുവിനെ കറക്കുമ്പോൾ കുട്ടിയായ കൃഷ്ണൻ പിന്നിൽ നിന്ന് പാത്രം നീട്ടുന്നതാണ് ചിത്രം.